
കൊച്ചി: ജനുവരി 27 ന് അവസാനിച്ച വാരത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 2 ശതമാനം ഇടിവ് നേരിട്ടു. ബിഎസ്ഇ സെന്‍സെക്‌സ് 1290.87 പോയിന്റ് അഥവാ 2.12 ശതമാനം താഴ്ന്ന് 59330.9 ലെവലിലും നിഫ്റ്റി 423.3 പോയിന്റ് അഥവാ 2.34 ശതമാനം താഴ്ന്ന് 17604.35 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ബിഎസ്ഇ സ്‌മോള്‍ക്യാപ്, മിഡ്ക്യാപ്, ലാര്‍ജ് ക്യാപ് ഓഹരികള്‍ യഥാക്രമം 3.5 ശതമാനം, 2.6 ശതമാനം,3 ശതമാനം എന്നിങ്ങനെയാണ് നഷ്ടം വരുത്തിയത്.
കിരി ഇന്‍ഡസ്ട്രീസ്, ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിക്‌സണ്‍ ടെക്‌നോളജീസ്, പിസി ജ്വല്ലര്‍, മൊണാര്‍ക്ക് നെറ്റ്വര്‍ത്ത് ക്യാപിറ്റല്‍, പവര്‍ മെക്ക് പ്രോജക്ട്‌സ്, ജയന്ത് അഗ്രോ-ഓര്‍ഗാനിക്‌സ്, കെബിസി ഗ്ലോബല്‍ എന്നീ സ്‌മോള്‍ക്യാപുകള്‍ 15-26 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ മനാക്സിയ, കാബ്ര എക്സ്ട്രൂഷന്‍ ടെക്നിക്, എസ്വിപി ഗ്ലോബല്‍ ടെക്സ്‌റ്റൈല്‍സ്, ബ്ലിസ് ജിവിഎസ് ഫാര്‍മ, സന്ദൂര്‍ മാംഗനീസ് ആന്‍ഡ് അയേണ്‍ അയിരുകള്‍, കണ്‍ട്രോള്‍ പ്രിന്റ്, ഷാലിമാര്‍ പെയിന്റ്സ് 9-17 ശതമാനം നേട്ടമുണ്ടാക്കി. മേഖലകളില്‍ പൊതുമേഖല ബാങ്ക്
9.6 ശതമാനവും നിഫ്റ്റി എനര്‍ജി സൂചിക 7.5 ശതമാനവും ഓയില്‍ & ഗ്യാസ് 7.4 ശതമാനവും ലോഹ സൂചിക 6 ശതമാനവും നിലംപൊത്തി.
നിഫ്റ്റി ഓട്ടോ സൂചിക എന്നാല്‍ 3 ശതമാനം ഉയര്‍ന്നു. വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) 9352.18 കോടി രൂപയുടെ അറ്റ വില്‍പനയാണ് നടത്തിയത്. അതേസമയം ആഭ്യന്തര നിക്ഷേപകര്‍ (ഡിഐഐ) 7210.53 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
ഇതോടെ ജനുവരിയിലെ എഫ്‌ഐഐ അറ്റ വില്‍പന 29,232.29 കോടി രൂപയായും ഡിഐഐ അറ്റ വാങ്ങല്‍ 23,392.91 കോടി രൂപയായും ഉയര്‍ന്നു.