ന്യൂഡല്‍ഹി: ജൂലൈയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 97 ലക്ഷത്തിലധികമാണെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ. ജൂണിനെ അപേക്ഷിച്ച് 7.6 ശതമാനം കുറവാണിത്. ജൂണില്‍ 1.05 കോടി ആളുകളാണ് ആഭ്യന്തര വിമാന യാത്ര നടത്തിയത്.
2022 ജനുവരി-ജൂലൈ കാലയളവില്‍ 6.69 കോടി ആളുകള്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളം വിമാനയാത്ര നടത്തിയെന്നും ഡിജിസിഎ പറയുന്നു. ഇന്ത്യന്‍ വ്യോമയാന മേഖലയെ സംബന്ധിച്ചിടത്തോളം മഴക്കാലം സാധാരണയായി ബിസിനസ് കുറഞ്ഞ കാലമാണ്. എങ്കിലും, ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ജൂലൈയില്‍ 57.11 ലക്ഷം യാത്രക്കാരെ വഹിച്ചു.
58.8 ശതമാനം വിപണി വിഹിതമാണ് ഇന്‍ഡിഗോയ്ക്കുള്ളത്. വിസ്താര 10.13 ലക്ഷം,എയര്‍ ഇന്ത്യ 8.14 ലക്ഷം എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഗോ ഫസ്റ്റ്, സ്‌പൈസ്‌ജെറ്റ്, എയര്‍ഏഷ്യ ഇന്ത്യ, അലയന്‍സ് എയര്‍ എന്നിവ ജൂലൈയില്‍ യഥാക്രമം 7.95 ലക്ഷം, 7.76 ലക്ഷം, 4.42 ലക്ഷം, 1.12 ലക്ഷം യാത്രക്കാരെ വഹിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്‌പൈസ് ജെറ്റിന്റെ ഒക്യുപ്പന്‍സി നിരക്ക് അല്ലെങ്കില്‍ ലോഡ് ഫാക്ടര്‍ ജൂലൈയില്‍ 84.7 ശതമാനമായിരുന്നു. അതേസമയം വിസ്താര, ഇന്‍ഡിഗോ, ഗോ ഫസ്റ്റ്, എയര്‍ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എന്നിവ യഥാക്രമം 84.3 ശതമാനം, 77.7 ശതമാനം, 76.5 ശതമാനം, 75.2 ശതമാനം, 71.1 ശതമാനം എന്നിങ്ങനെ ഒക്യുപെന്‍സി നിരക്ക് നിലനിര്‍ത്തി. സമയ നിഷ്ടയില്‍ മുന്നിലെത്തിയത് എയര്‍ഏഷ്യയാണ്.
ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ എന്നീ നാല് മെട്രോ വിമാനത്താവളങ്ങളില്‍ 95.5 ശതമാനം ഓണ്‍ടൈം പ്രകടനം നടത്താന്‍ എയര്‍ലൈന്‍സിനായി. വിസ്താരയും ഗോ ഫസ്റ്റും ജൂലൈയില്‍ ഈ നാല് വിമാനത്താവളങ്ങളില്‍ യഥാക്രമം 89 ശതമാനവും 84.1 ശതമാനവും കൃത്യസമയ ടേക്ക് ഓഫ് നടത്തി.