മുംബൈ: സിമന്റ് നിർമാതാക്കളായ എസിസി ലിമിറ്റഡിന്റെ ഓഹരികൾ ഏറ്റെടുത്ത് മോർഗൻ സ്റ്റാൻലി ഏഷ്യ. 2022 സെപ്റ്റംബർ 2ന് (വെള്ളിയാഴ്ച) ഒരു ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ എസിസിയുടെ 9.4 ലക്ഷം ഓഹരികൾ 215 കോടി രൂപയ്ക്കാണ് മോർഗൻ സ്റ്റാൻലി ഏറ്റെടുത്തത്.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) ലഭ്യമായ ഇടപാട് ഡാറ്റ അനുസരിച്ച് മോർഗൻ സ്റ്റാൻലി ഏഷ്യ (സിംഗപ്പൂർ) പിടിഇ എസിസി ലിമിറ്റഡിന്റെ 9,41,557 ഓഹരികളാണ് സ്വന്തമാക്കിയത്. ഓഹരികൾ ഓരോന്നിനും ശരാശരി 2,290 രൂപ എന്ന നിരക്കിലാണ് ഏറ്റെടുക്കൽ നടന്നത്. നിർദിഷ്ട ഇടപാടിന്റെ മൂല്യം 215.61 കോടി രൂപയാണ്.
വെള്ളിയാഴ്ച എൻഎസ്ഇയിൽ എസിസിയുടെ ഓഹരികൾ 0.43 ശതമാനത്തിന്റെ നേരിയ നഷ്ടത്തോടെ 2,286.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സിമന്റിന്റെയും കോൺക്രീറ്റിന്റെയും ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കളാണ് എസിസി ലിമിറ്റഡ്.