മുംബൈ: പേടിഎമ്മിന്റെ 54.95 ലക്ഷം ഓഹരികള്‍ വാങ്ങി മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ. ഓഹരി ഒന്നിന് 534.80 രൂപ നിരക്കിലായിരുന്നു ഇടപാട്. ഏകദേശം 294 കോടി രൂപയാണ് പേടിഎം ഓഹരികള്‍ക്കായി കമ്പനി മുടക്കിയത്.
വ്യാഴാഴ്ച ചൈനീസ് ഗ്രൂപ്പ് അലിബാബ പേടിഎമ്മിന്റെ 3.1 ശതമാനം ഓഹരികള്‍ വിറ്റിരുന്നു. ഇതേ ദിവസം തന്നെയായിരുന്നു മോര്‍ഗന്‍ സ്റ്റാന്‍ലി ഇടപാടും. അലിബാബ 1.92 കോടി ഓഹരികള്‍ വിറ്റത് 536.95 രൂപ നിരക്കിലായിരുന്നു. 1031 കോടിയോളം രൂപയാണ് വില്‍പ്പനയിലൂടെ അലിബാബ നേടിയത്.
മോര്‍ഗന്‍ സ്റ്റാന്‍ലിക്ക് പുറമെ യുഎസ് ആസ്ഥാനമായ ഹെഡ്ജ് ഫണ്ട് ഗിസല്ലോ മാസ്റ്റര്‍ ഫണ്ടും പേടിഎമ്മില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 534.80 രൂപ നിരക്കില്‍ 266 കോടി രൂപയുടെ ഓഹരികളാണ് ഗിസല്ലോ വാങ്ങിയത്.
വ്യാഴാഴ്ച അലിബാബ വില്‍പ്പനയില്‍ ഇടിഞ്ഞ ഓഹരികള്‍ ഇന്നലെ നേട്ടത്തിലായിരുന്നു. 3.18 ശതമാനം ഉയര്‍ന്ന പേടിഎം ഓഹരികള്‍ 560.50 രൂപയിലെത്തി.
ലിസ്റ്റിംഗിന് ശേഷം ഇതുവരെ പേടിഎം ഓഹരികള്‍ 64 ശതമാനത്തോളം ആണ് ഇടിഞ്ഞത്.