ന്യൂഡൽഹി: രണ്ട് വിദേശ ഇടിഎഫുകൾ വീണ്ടും തുറക്കാൻ ഒരുങ്ങി മോത്തിലാൽ ഓസ്വാൾ എംഎഫ്. മോത്തിലാൽ ഓസ്‌വാൾ നാസ്‌ഡാക്ക് ക്യു 50 ഇടിഎഫ്, മോത്തിലാൽ ഓസ്‌വാൾ നാസ്‌ഡാക്ക് 100 ഇടിഎഫ് എന്നീ രണ്ട് അന്താരാഷ്ട്ര സ്‌കീമുകൾ തിങ്കളാഴ്ച മുതൽ സബ്‌സ്‌ക്രിപ്‌ഷനു വേണ്ടി വീണ്ടും തുറക്കുമെന്ന് അറിയിച്ച് അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ മോത്തിലാൽ ഓസ്‌വാൾ മ്യൂച്വൽ ഫണ്ട്.
രണ്ട് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) അംഗീകൃത പങ്കാളികൾക്കോ മാർക്കറ്റ് നിർമ്മാതാക്കൾക്കോ വേണ്ടി സെപ്റ്റംബർ 19 മുതൽ തുറക്കുമെന്ന് ഫണ്ട് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു.
ഫെബ്രുവരിയിൽ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വിദേശ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകൾക്ക് വ്യവസായ വ്യാപകമായ വിദേശ പരിധികൾ ലംഘിക്കുന്നത് ഒഴിവാക്കാൻ വിദേശ ഓഹരികളിലെ കൂടുതൽ നിക്ഷേപം നിർത്താൻ ഉപദേശിച്ചിരുന്നു.
മ്യൂച്വൽ ഫണ്ടുകൾക്ക് വിദേശ സെക്യൂരിറ്റികളിലും ഫണ്ടുകളിലും നിക്ഷേപിക്കുന്നതിന് 7 ബില്യൺ ഡോളറിന്റെ മൊത്തത്തിലുള്ള വ്യവസായ പരിധിയും വിദേശ ഇടിഎഫുകളിൽ നിക്ഷേപിക്കുന്നതിന് 1 ബില്യൺ ഡോളറിന്റെ പ്രത്യേക പരിധിയും റെഗുലേറ്റർ നിശ്ചയിച്ചിട്ടുണ്ട്.
എന്നാൽ മ്യൂച്വൽ ഫണ്ട് സ്‌കീമുകൾക്ക് സബ്‌സ്‌ക്രിപ്‌ഷനുകൾ പുനരാരംഭിക്കാമെന്നും. വിദേശ നിക്ഷേപ പരിധി ലംഘിക്കാതെ അതിനുള്ളിൽ നിന്ന് കൊണ്ട് വിദേശ ഫണ്ടുകൾ / സെക്യൂരിറ്റികളിൽ നിക്ഷേപം നടത്താമെന്നും അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് ഇൻ ഇന്ത്യ (Amfi) ജൂണിൽ അറിയിച്ചിരുന്നു.