മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) ജോലി പകുതി മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂവെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്.അവസാന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജൂണ്‍ 6 മുതല്‍ 8 വരെയായിരുന്നു എംപിസി യോഗം.
നിരക്ക് വര്‍ദ്ധനവിന്റെ ഭാവി ഗതിയെക്കുറിച്ച് എംപിസി അംഗങ്ങള്‍ക്ക് വ്യത്യസ്ത കാഴ്ചപ്പാടുകളാണുള്ളത്, വ്യാഴാഴ്ച പുറത്തിറക്കിയ മിനിറ്റ്‌സ് കാണിക്കുന്നു. ധനനയം കര്‍ശനമാക്കുന്നത് സാമ്പത്തിക വീണ്ടെടുക്കലിനെ തടസ്സപ്പെടുത്തുമെന്ന് ചില ബാഹ്യ അംഗങ്ങള്‍ വാദിച്ചു. തുടര്‍ന്ന് റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്താന്‍ ഗവര്‍ണറുടെ നേതൃത്വത്തിലുള്ള എംപിസി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.
”പണപ്പെരുപ്പം ടാര്‍ഗെറ്റ് ബാന്‍ഡിനുള്ളില്‍ കൊണ്ടുവന്നതിനാല്‍ ഞങ്ങളുടെ ജോലി പകുതി പൂര്‍ത്തിയായി. എന്നാല്‍ പണപ്പെരുപ്പത്തിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല,” ഗവര്‍ണര്‍ പറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള വിലയിരുത്തല്‍ നടത്തുകയും സാഹചര്യം ആവശ്യപ്പെടുന്ന പക്ഷം പ്രവര്‍ത്തിക്കാന്‍ തയ്യാറാകുകയും വേണം.
അനിശ്ചിതത്വങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഭാവി പ്രവര്‍ത്തനങ്ങള്‍ പ്രവചിക്കുക അസാധ്യമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പണപ്പെരുപ്പം, ഇടക്കാല ലക്ഷ്യമായ 4 ശതമാനമാകുന്നത് ക്രമാനുഗതവും നീണ്ടുനില്‍ക്കുന്നതുമായ പ്രക്രിയയാണ്. നിരക്ക് വര്‍ദ്ധന നിലനിര്‍ത്തുന്നു എന്നതിനര്‍ത്ഥം, അത് ഉയര്‍ന്ന നിലയിലെത്തി എന്നതല്ലെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്ര പറഞ്ഞു.
രണ്ടാം പാദം തൊട്ട് വില ഉയരാന്‍ സാധ്യതയുണ്ട്.