
മുംബൈ: ടയർ നിർമ്മാതാവായ എംആർഎഫിന്റെ 2022 സെപ്റ്റംബർ പാദത്തിലെ ഏകീകൃത അറ്റാദായം 31.3 ശതമാനം ഇടിഞ്ഞ് 129.86 കോടി രൂപയായി കുറഞ്ഞു. ഈ ഫലത്തിന് പിന്നാലെ എംആർഎഫ് ഓഹരി 6.09 ശതമാനം ഇടിഞ്ഞ് 89,141.90 രൂപയിലെത്തി.
കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം 173.56 കോടി രൂപയാണ്. ഒപ്പം 2022 സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ എംആർഎഫിന്റെ മൊത്തം ചെലവ് 20.85 ശതമാനം ഉയർന്ന് 5,729.82 കോടി രൂപയായി. ചിലവ് ഉയർന്നതിനെ തുടർന്നാണ് ലാഭം ഇടിഞ്ഞതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, കമ്പനിയുടെ ബോർഡ് നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു ഇക്വിറ്റി ഓഹരിക്ക് 3 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഇടക്കാല ലാഭവിഹിതം നൽകുന്നതിനുള്ള റെക്കോർഡ് തീയതി 2022 നവംബർ 18 ആണ്. കൂടാതെ, പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യു ചെയ്ത് കൊണ്ട് 150 കോടി രൂപ സമാഹരിക്കാൻ കമ്പനിക്ക് ബോർഡിന്റെ അനുമതി ലഭിച്ചു.
ടയർ, ട്യൂബുകൾ, ഫ്ലാപ്പുകൾ, ട്രെഡ് റബ്ബർ, റബ്ബർ രാസവസ്തുക്കളുടെ വ്യാപാരം തുടങ്ങിയ റബ്ബർ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് എംആർഎഫ് ലിമിറ്റഡ്.