
കൊച്ചി: മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (എംആർപിഎൽ) അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 2,707 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 230 കോടി രൂപയായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ONGC) ഉപസ്ഥാപനമായ കമ്പനി ഈ പാദത്തിൽ ഓരോ ബാരൽ അസംസ്‌കൃത എണ്ണയും ഇന്ധനമാക്കി മാറ്റുന്നതിലൂടെ 24.45 ഡോളർ സമ്പാദിച്ചു.
അന്താരാഷ്‌ട്ര എണ്ണവില കുതിച്ചുയർന്നതോടെ ജൂൺ പാദത്തിൽ എംആർപിഎല്ലിന്റെ വിറ്റുവരവ് ഇരട്ടിയിലധികം വർധിച്ച് 35,915 കോടി രൂപയായി. കൂടാതെ ഈ കാലയളവിൽ 114.34 ശതമാനം കപ്പാസിറ്റി വിനിയോഗത്തോടെ 4.29 ദശലക്ഷം ടൺ എന്ന എക്കാലത്തെയും ഉയർന്ന നെറ്റ് ത്രൂപുട്ട് രേഖപ്പെടുത്തിയതായി എംആർപിഎൽ പറഞ്ഞു.
റിഫൈനറി കഴിഞ്ഞ മെയ് മാസത്തിൽ എക്കാലത്തെയും ഉയർന്ന ഡീസൽ കയറ്റുമതിയായ 737,000 ടൺ കൈവരിച്ചിരുന്നു. 12,758 കോടി രൂപയുടെ വിപണി മൂല്യമുള്ള കമ്പനിയാണ് മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എംആർപിഎൽ).