
ന്യൂഡല്‍ഹി: എംഎസ്സിഐ ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് സൂചികയില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വെയ്‌റ്റേജ് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 1.38 ശതമാനത്തില്‍ നിന്ന് 2.68 ശതമാനമായാണ് വെയ്‌റ്റേജ് കൂടുക. മെയ് 31 നാണ് പുനഃസംഘടന.
നുവാമ റിസര്‍ച്ച് പറയുന്നതിനുസരിച്ച്, കോട്ടക് മഹീന്ദ്ര ഇതോടെ 800 ദശലക്ഷം ഡോളര്‍ നിക്ഷേപം ആകര്‍ഷിക്കും. പുനഃസംഘടനയുടെ ഭാഗമായി അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, ഇന്‍ഡസ് ടവേഴ്‌സ് എന്നിവ എംഎസ്സിഐ ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് സൂചികയില്‍ നിന്ന് പുറത്തുപോകും. മാക്‌സ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് (എച്ച്എഎല്‍), സോന ബിഎല്‍ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്‌സ് എന്നിവയാണ് പകരം ഉള്‍പ്പെടുക.
എംഎസ്സിഐ ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് സൂചികയില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നതോടെ അദാനി ട്രാന്‍സ്മിഷന് 189 മില്യണ്‍ ഡോളറും അദാനി ടോട്ടല്‍ ഗ്യാസിന് 167 മില്യണ്‍ ഡോളറും നഷ്ടപ്പെടുമെന്നും നുവാമ അറിയിച്ചു. അതേസമയം മാക്‌സ് ഹെല്‍ത്ത് കെയര്‍ 312 ദശലക്ഷം ഡോളറും എച്ച്എഎല്‍ 196 ദശലക്ഷം ഡോളറും ബിഎല്‍ഡബ്ല്യു 117 മില്യണ്‍ ഡോളറും നിക്ഷേപം നേടും. 47 ദശലക്ഷം ഓഹരികള്‍ ചേര്‍ക്കുന്ന മാക്‌സ് ഹെല്‍ത്ത് കെയറിന്റെ സൂചികയിലെ വെയ്‌റ്റേജ് 0.52 ആകുമ്പോള്‍ എച്ച്എഎല്ലിനും സോന ബിഎല്‍ഡബ്ല്യുവിനും യഥാക്രമം 0.33 ശതമാനവും 0.29 ശതമാനവും വെയ്‌റ്റേജാണുണ്ടാകുക.
പുന:ക്രമീകരണത്തില്‍ 16 ഓഹരികളാണ് വെയ്‌റ്റേജ് വര്‍ദ്ധനവ് നേടുക. അതേസമയം 21 ഓഹരികള്‍ കുറവ് നേരിടും. മാരുതി സുസുക്കി ഇന്ത്യ, സൊമാറ്റോ, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, സംവര്‍ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍, സിപ്ല, യെസ് ബാങ്ക്, ബന്ധന്‍ ബാങ്ക്, എന്‍ടിപിസി എന്നീ ഓഹരികളാണ് വെയ്‌റ്റേജ് കൂട്ടുന്നത്.
അതേസമയം എംഎസ്സിഐ ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് സൂചികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ഭാരതി എയര്‍ടെല്‍ എന്നിവയുടെ മൂല്യം കുറയും.