മുംബൈ: ഇന്ത്യൻ കലണ്ടർ അനുസരിച്ചുള്ള പുതുവർഷം വിക്രം സംവത് 2081 ഇന്ന് ആരംഭിക്കുന്നു. പുതുവർഷാരംഭത്തിൽ ഇന്ത്യൻ വിപണിയിൽ നടക്കാറുള്ള പ്രത്യേക മുഹൂർത്ത വ്യാപാരം വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതൽ ഏഴ് വരെ ആണ് നടക്കുക.
ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിക്കുന്നതിനുള്ള ശുഭമുഹൂർത്തമായിട്ടാണ് മുഹൂർത്തവ്യാപാരം കരുതിപ്പോരുന്നത്. ആദ്യമായി നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നവരും, കഴിഞ്ഞ വർഷത്തെ വ്യാപാരം അവസാനിപ്പിച്ച് പുതിയ വ്യാപാരം ആരംഭിക്കുന്നവരും മുഹൂർത്തവ്യാപാരം ശുഭആരംഭ സമയമായി കണക്കാക്കുന്നു.
‘ചൈനീസ് സ്റ്റിമുലസ്’ വില്‍പ്പന ‘അമേരിക്കൻ തിരഞ്ഞെടുപ്പ്’ വില്‍പ്പനയിലേക്ക് നീണ്ടത് ഇന്ത്യൻ വിപണിയിൽ സമ്മർദ്ദം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ദീപാവലി നിക്ഷേപവും കരുതലോടെയായിരിക്കണം. ദീർഘകാല നിക്ഷേപകർ സമീപകാല വില്‍പ്പന സമ്മർദ്ദങ്ങൾ കൂടി കണക്കിലെടുത്താവണം ദീപാവലി നിക്ഷേപത്തിനായുള്ള ഓഹരികൾ തിരഞ്ഞെടുക്കേണ്ടത്.
മഹാരാഷ്ട്രയിലടക്കം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളും, യൂണിയൻ ബജറ്റും അടക്കമുള്ള ആഭ്യന്തര ഘടകങ്ങളും യുദ്ധങ്ങളും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും ഫെഡ് നയങ്ങളും അടക്കമുള്ള രാജ്യാന്തര ഘടകങ്ങളും ഇന്ത്യൻ വിപണിയെ തുടർന്നും സ്വാധീനിക്കും.
ഇന്ത്യയുടെ അടുത്ത ബജറ്റിലേക്ക് ഇനിയും മൂന്ന് മാസം മാത്രമേയുള്ളൂ എന്നതിനാൽ ബജറ്റ് സംബന്ധിയായ ഓഹരികൾ ദീപാവലി നിക്ഷേപത്തിന് തിരഞ്ഞെടുക്കാവുന്നതാണ്.
ബജറ്റിൽ പ്രാമുഖ്യം ലഭിച്ചേക്കാവുന്ന മേഖലകളിൽ നിക്ഷേപം നടത്തുന്നത് വിപണിയിൽ തിരുത്തൽ നേരിട്ടാൽ പോലും ബജറ്റ് വരെയുള്ള കാലത്തേക്ക് നഷ്ടസാധ്യത താരതമ്യേന കുറവായിരിക്കും എന്ന അനുമാനത്തിലാണ്. മികച്ച മൂന്നാംപാദ റിസൾട്ടുകൾ കൂടി നിക്ഷേപതീരുമാനങ്ങൾക്ക് ആധാരമാക്കാം.
കഴിഞ്ഞ ബജറ്റ് മുതൽ തകർച്ച നേരിട്ട പ്രതിരോധം, കപ്പൽ നിർമാണം, റെയിൽ, വളം, ഹൗസിങ് മേഖലകളിലെ പൊതു മേഖല ഓഹരികൾ ഇത്തവണ താരതമ്യേന മികച്ച അവസരമായി കണക്കാക്കാക്കാം.
ഒപ്പം ടെക്ക്, സെമി കണ്ടക്ടർ, മാനുഫാക്ച്ചറിങ്, ഇൻഫ്രാ, പവർ, ധാന്യം, ഹോട്ടൽ, എയർ കണ്ടീഷൻ, ആൽക്കഹോൾ മുതലായ മേഖലകളിലെ മികച്ച ഓഹരികളിലും നിക്ഷേപം പരിഗണിക്കാം.