മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം ഫിന്‍ലാന്‍ഡിലെ നോക്കിയയുമായി 1.7 ബില്യണ്‍ ഡോളറിന്റെ (13,980 കോടി രൂപ) കരാര്‍ ഒപ്പിടും. മകന്‍ ആകാശ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി ഫിന്നിഷ് കമ്മ്യൂണിക്കേഷന്‍ എക്യുപ്മെന്റ് ഭീമനില്‍ നിന്ന് 5 ജി നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
ഹെല്‍സിങ്കിക്ക് സമീപമുള്ള നോക്കിയയുടെ ആസ്ഥാനത്ത് വച്ച് ജൂലൈ 7 ന് കരാര്‍ ഒപ്പിടാന്‍ സാധ്യതയുണ്ട്. കമ്പനിയുടെ മുതിര്‍ന്ന എക്സിക്യൂട്ടീവുകള്‍, ഇടപാടിന് ധനസഹായം നല്‍കുന്ന ബാങ്കുകള്‍, നോക്കിയയുടെ ഉന്നത എക്സിക്യൂട്ടീവുകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.സ്വീഡനിലെ എറിക്സണില്‍ നിന്ന് 2.1 ബില്യണ്‍ ഡോളര് വിലമതിക്കുന്ന നെറ്റ്വര്‍ക്ക് ഉപകരണങ്ങളും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി വാങ്ങുന്നുണ്ട്.
എച്ച്എസ്ബിസി, ജെപി മോര്ഗന്, സിറ്റിഗ്രൂപ്പ് എന്നിവയുള്പ്പെടെയുള്ള ആഗോള ബാങ്കുകളാണ് ഏകദേശം 4 ബില്യണ് ഡോളര് വിലമതിക്കുന്ന രണ്ട് ഇടപാടുകള്ക്കും ധനസഹായം നല്കുന്നത്.
ആകാശ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി 2023 അവസാനത്തോടെ രാജ്യം മുഴുവന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനകം 6000 ലധികം പട്ടണങ്ങളിലും നഗരങ്ങളിലും ഇതിന് സാന്നിധ്യമുണ്ട്. ഇന്ത്യയിലൊന്നാകെ 5ജി അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
5 ജി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനായി 25 ബില്യണ്‍ ഡോളറാണ് കമ്പനി ബജറ്റ് നിശ്ചയിച്ചിരിക്കുന്നത്.