ദില്ലി: മുകേഷ് അംബാനി, ഗൗതം അദാനി, കുമാർ മംഗളം ബിർള തുടങ്ങിയ രാജ്യത്തെ സമ്പന്നരായ വ്യവസായികൾ ജി20 ഉച്ചകോടിയിലെ അത്താഴ വിരുന്നിൽ പങ്കെടുക്കും. ജോ ബൈഡൻ, റിഷി സുനാക്, ജസ്റ്റിൻ ട്രൂഡോ തുടങ്ങി 25 ലധികം രാജ്യങ്ങളുടെ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കാൻ ദില്ലിയിലേക്കെത്തും.
ജി20 ഉച്ചകോടിയുടെ ഭാഗമായി സെപ്തംബർ 9 ന് നടക്കുന്ന അത്താഴവിരുന്നിന്, ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യവസായികളെ ലോക നേതാക്കൾക്കൊപ്പം സർക്കാർ ക്ഷണിച്ചതായാണ് റിപ്പോർട്ട്.
റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം 500 വ്യവസായികളെ അത്താഴത്തിന് ക്ഷണിച്ചിട്ടുണ്ട്, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെ കൂടാതെ വ്യവസായികളായ എൻ. ചന്ദ്രശേഖരൻ, സുനിൽ മിത്തൽ.എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.
2023ലെ ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോൾ, രാജ്യത്തെ ബിസിനസ്, നിക്ഷേപ അവസരങ്ങൾ ഉയർത്തിക്കാട്ടുന്നതിനുള്ള മറ്റൊരു അവസരം കൂടിയാണ് പ്രധാനമന്ത്രി മോദിക്ക് ലഭിക്കുക. പ്രത്യേകിച്ച് അത്താഴ വിരുന്നിൽ. അതിനാലാണ് വിവിധ ലോകനേതാക്കൾക്കൊപ്പം മോദി വ്യവസായികളെ കൂടി ഉൾപ്പെടുത്തിയത്.
300 മില്യൺ ഡോളറിന് നവീകരിച്ച ദില്ലിയിലെ പ്രഗതി മൈതാനത്താണ് ജി20 ഉച്ചകോടി നടക്കുക, അത്താഴ വിരുന്നിൽ അതിഥികൾക്ക് നൽകുന്ന മെനുവിൽ ഇന്ത്യൻ പരമ്പരാഗത ഭക്ഷണങ്ങളും ഉൾപ്പെടും.
ഈ വർഷത്തിലുടനീളം നടന്ന എല്ലാ ജി 20 യോഗങ്ങളുടെയും സമാപനമായിരിക്കും ദില്ലിയിലെ ഉച്ചകോടി. ലോകം ഉറ്റുനോക്കുന്ന മെഗാ ഇവന്റ് യാതൊരു കുഴപ്പവുമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സെപ്റ്റംബർ 8 മുതൽ 10 ദില്ലിയിലെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജി20യിലെ 20 അംഗ രാജ്യങ്ങൾക്ക് പുറമെ 9 രാജ്യങ്ങളിലെ നേതാക്കളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
യുഎൻ, ഐഎംഎഫ്, ഡബ്ല്യുബി, ഡബ്ല്യുഎച്ച്ഒ, ഡബ്ല്യുടിഒ, ഐഎൽഒ, എഫ്എസ്ബി, ഒഇസിഡി എന്നിവ ഉൾപ്പെടുന്ന സാധാരണ അന്താരാഷ്ട്ര ഓർഗനൈസേഷനുകൾക്ക് പുറമേ, എയു, ഓഡ-നെപാഡ്, ആസിയാൻ എന്നീ പ്രാദേശിക സംഘടനകളുടെ ചെയർമാന്മാരും യോഗത്തിനെത്തും.