
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇലക്ട്രിക് കാര്‍ഗോ വാഹന നിര്‍മാതാക്കളായ ആല്‍ട്ടിഗ്രീന്‍ പ്രൊപ്പല്‍ഷന്‍ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ് പുതിയ ഫണ്ടിംഗ് റൗണ്ടില്‍ 700 കോടി രൂപ (85 മില്യണ്‍ ഡോളര്‍) സമാഹരിക്കുന്നു.
ശതകോടീശ്വരന്‍ മുകേഷ് അംബാനി പിന്തുണയ്ക്കുന്ന കമ്പനി പുതിയ റൗണ്ടില്‍ ഏകദേശം 350 മില്യണ്‍ ഡോളര്‍ മൂല്യത്തിലായിരിക്കും. നിലവിലുള്ള നിക്ഷേപകര്‍ക്ക് ഓഹരികള്‍ വില്‍ക്കാനും ഇതുവഴി സാധിക്കും.
ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ധനസമാഹരണത്തിന്റെ നടപടികള്‍ എപ്പോള്‍ വേണമെങ്കിലും മാറിയേക്കാമെന്നും ഇത് സംബന്ധിച്ച ആളുകള്‍ പറഞ്ഞു.
കമ്പനി ധനസമാഹരണത്തിന്റെ തിരക്കിലാണെന്നും ജൂലൈയോടെ ഇത് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും അല്‍ട്ടിഗ്രീന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമിതാഭ് ശരണ്‍ ബ്ലൂംബെര്‍ഗ് ന്യൂസിനോട് പറഞ്ഞിരുന്നു.
2013ല്‍ സ്ഥാപിതമായ ആള്‍ട്ടിഗ്രീന്‍ ഇലക്ട്രിക് കാര്‍ഗോ മുച്ചക്ര വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്നു.
55,000 വാഹനങ്ങളുടെ വാര്‍ഷിക ഉല്‍പാദന ശേഷിയുണ്ട്. സിക്‌സ്ത് സെന്‌സ് വെഞ്ച്വേഴ്‌സിന്റെ നേതൃത്വത്തില് കഴിഞ്ഞ വര്ഷം നടന്ന സീരീസ് എ റൗണ്ടില് കമ്പനി 300 കോടി രൂപ സമാഹരിച്ചിരുന്നു.
അംബാനിയുടെ റിലയന്‍സ് ന്യൂ എനര്‍ജി ലിമിറ്റഡ്, എക്‌സ്‌പോണന്റിയ ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ്, മൊമെന്റം വെഞ്ച്വര്‍ ക്യാപിറ്റല്‍, അക്യുറന്റ് ഇന്റര്‍നാഷണല്‍ എന്നിവ ആ റൗണ്ടില്‍ പങ്കെടുത്തു.