
പുനരുപയോഗ ഊർജ മേഖലയിലെ താൽപ്പര്യങ്ങൾ ഒരിക്കൽ കൂടി തുറന്നു കാട്ടി റിലയൻസ്. 19,74,000 കോടി രൂപ വിപണി മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി വമ്പൻ പദ്ധതികൾക്കാണ് കോപ്പുകൂട്ടുന്നത്.
ഇന്ത്യയിൽ ഒരു പുതിയ ബാറ്ററി നിർമ്മാണ ജിഗാഫാക്ടറി നിർമ്മിക്കുന്നതിനുള്ള ഓട്ടത്തിലാണ് നിലവിൽ റിലയൻസ് ഇൻഡസ്ഡ്രടീസ് ചെയർമാൻ മുകേഷ് അംബാനിയം സംഘവും.
ആഗോള വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച്, മുകേഷ് അംബാനിയുടെ റിലയൻസും, മറ്റ് ആറ് കമ്പനികളും ചേർന്ന് സർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമിന് കീഴിൽ മൊത്തം 10GWh ശേഷിയുള്ള അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലുകൾ നിർമ്മിക്കുന്നതിനുള്ള യൂണിറ്റുകൾ സ്ഥാപിക്കാൻ ബിഡ് സമർപ്പിച്ചിരിക്കുകയാണ്.
2030 ഓടെ അതിന്റെ പുനരുപയോഗ ഊർജ ശേഷി 500 ജിഗാവാട്ടായി (GW) വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്കു വളരെ പ്രധാനമാണ് ഈ പദ്ധതി. നിലവിൽ രാജ്യത്തിന്റെ പുനരുപയോഗ ഊർജ ശേഷി 178 GW ആണ്.
ഇവിടെ നിന്നു വൻ കുതിച്ചു ചാട്ടമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തിന് കൂടുതൽ ബാറ്ററി ഊർജ്ജ പദ്ധതികൾ നിർണായകമാണെന്നു വിദഗ്ധർ പറയുന്നു.
റിലയൻസ് ഇൻഡസ്ട്രീസ്, ജെഎസ്ഡബ്ല്യു നിയോ എനർജി, അമര രാജ അഡ്വാൻസ്ഡ് സെൽ ടെക്‌നോളജീസ് എന്നിവ ഇന്ത്യയിൽ പുതിയ ബാറ്ററി നിർമാണ ജിഗാഫാക്ടറിക്കായി ബിഡുകൾ സമ്മർപ്പിച്ച പ്രമുഖരാണ്.
സർക്കാരിന്റെ പിഎൽഐ സ്‌കീമിനു കീഴിലാണ് കമ്പനികൾ പ്രതീക്ഷവയ്ക്കുന്നത്. റിലയൻസ് അതിന്റെ പോർട്ട്‌ഫോളിയോ പുനരുപയോഗ ഊർജമേഖലയിലേയ്ക്കു വ്യാപിപ്പിക്കുന്ന സമയമാണിത്. വൻ പദ്ധതികളാണ് കമ്പനി അണിയറയിൽ ഒരുക്കുന്നത്.
പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇൻസെന്റീവുകൾ വാഗ്ദാനം ചെയ്യുന്നു. ഇതാണ് പിഎൽഐ സ്‌കീം. ഈ സ്‌കീമിനു കീഴിൽ പ്രവർത്തനം ആരംഭിക്കുന്ന കമ്പനികൾക്കു വൻ സാമ്പത്തിക ഇളവുകളാണ് വാഗ്ദാനം ചെയ്യപ്പെടുന്നത്.
ബാറ്ററി നിർമ്മാണത്തിനുള്ള പദ്ധതിക്ക് പരമാവധി 3,600 കോടി രൂപ അടങ്കൽ ഉണ്ട്. ഈ കമ്പനികൾ അതിന്റെ ഒരു ഭാഗം നേടാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിക്കു കീഴിൽ അനുമതി ലഭിക്കാൻ ഏറെ സാധ്യത കൽപ്പിക്കുന്ന കമ്പനികളിൽ ഒന്നാണ് റിലയൻസ്. അടുത്തിടെ കമ്പനി നടത്തിയ ഏറ്റെടുപ്പുകൾ ശ്രദ്ധേയമാണ്. ഇതുവഴി പുനരുപയോഗ ഊർജമേഖലയിൽ വൻ ചുവടുകൾ വയ്ക്കാൻ കമ്പനി പ്രാപ്തമാണ്.
പുതിയ ജിഗാ ഫാക്ടറി സാധ്യമാകുന്നതോടെ ഇവി മേഖലയിലെ ഗെയിം ചേയ്ഞ്ചറായി റിലയൻസ് മാറുമെന്നു വിലയിരുത്തപ്പെടുന്നു.