
മുംബൈ: മുകേഷ് അംബാനിയുടെ ദീപാവലി സമ്മാനം തുടരുന്നു. ഇത്തവണ ബജറ്റ് പ്രേമികളെ ആകര്‍ഷിക്കുന്ന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. റിലയന്‍സ് ജിയോ അതിന്റെ ജിയോഭാരത് സീരീസില്‍ രണ്ട് പുതിയ ഫീച്ചര്‍ ഫോണുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു.
Jio Bharat V3, Jio Bharat V4 എന്നീ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഹൈ ക്വാളിറ്റി ഡിജിറ്റല്‍ എക്‌സപീരിയന്‍സ് ആണ് അംബാനിയുടെ വാഗ്ദാനം. ഓഫറുകള്‍ കൊണ്ടും സവിശേഷതകള്‍ കൊണ്ടും സമ്പന്നമാണ് പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍.
ഫീച്ചര്‍ ഫോണ്‍ വിപണിയിലും വിലയുദ്ധം പുറത്തെടുത്തിരിക്കുന്നുവെന്ന പറയുന്നതാകും ശരി. 2ജി യില്‍ കുടുങ്ങിയ ഇന്ത്യയിലെ ഒരു ജനതയെ 4ജിയിലേയ്ക്ക് ഉയര്‍ത്തുകയെന്ന മഹത് ലക്ഷ്യമാണ് ഫോണുകള്‍ക്കു പിന്നിലെന്ന് കമ്പനി വിശദീകരിക്കുന്നു.
സാധരണക്കാര്‍ക്ക് പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്ന വിലയും, പ്രതിമാസ പാക്കേജുമായാണ് ഫോണ്‍ എത്തുന്നത്. 2024 ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിലാണ് ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
1,099 രൂപ മാത്രമാണ് ഫോണുകളുടെ വില. കൂടാതെ ഈ ഫോണുകള്‍ക്കായി വെറും 123 രൂപയുടെ പ്രതിമാസ റീചാര്‍ജ് പാക്കേജും റിലയന്‍സ് വാഗ്ദാനം ചെയ്യുന്നു. 4ജി പ്രാപ്തമാക്കിയ ഫോണുകളില്‍ ലൈവ് ടിവി, യുപിഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍, ജയോ ടിവി, ജിയോ പേ, ജിയോ സിനിമ ഉപയോഗിക്കാനാകും.
2023ല്‍ അവതരിപ്പിച്ച് ജിയോ ഭാരത് വി2 -ന്റെ വിജയമാണ് പുതിയ മോഡലുകള്‍ക്കു പ്രചോദനമായത്. താങ്ങാനാവുന്നതും, ഉയര്‍ന്ന നിലവാരമുള്ളതുമായ ഡിജിറ്റല്‍ അനുഭവങ്ങള്‍ക്ക് ഇന്ത്യ തയ്യാറാണെന്ന് വ്യക്തമാക്കുന്നതാണ് ഇതെന്ന് ജിയോ പ്രസിഡന്റ് സുനില്‍ ദത്ത് പറഞ്ഞു.
ഫാഷനും ഫംഗ്ഷനും സമന്വയിപ്പിക്കുന്നതാണ് പുതിയ മോഡലുകളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രീമിയം അനുഭവം ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് നൂതന ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുകയും ചെയ്യും.
1000 എംഎഎച്ച് ബാറ്ററിയാണ് ഫോണുകളില്‍ ഉള്ളത്. ഉപയോക്താക്കള്‍ക്ക് ദിവസം മുഴുവനും തടസമില്ലാത്ത സേവനം ആസ്വദിക്കാന്‍ ഇതു അനുവദിക്കും. 23 ഇന്ത്യന്‍ ഭാഷകളുടെ പിന്തുണയും ഫോണുകളിലുണ്ട്.
123 രൂപയുടെ പ്രതിമാസ റീചാര്‍ജ് അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും, 14 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് മറ്റ് സേവന ദാതാക്കളേക്കാള്‍ ഏകദേശം 40% ലാഭം നല്‍കുന്നതാണ്.