മുംബൈ: ഏഷ്യയിലെ ഏറ്റവും സമ്പന്നനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ വേതനം പൂജ്യം. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 2020ലാണ് അദ്ദേഹം വേതനം വേണ്ടെന്നുവച്ചത്.
കോവിഡിന് ശേഷം വർഷം നാലായിട്ടും അദ്ദേഹം വേതനമില്ലാതെ സേവനം തുടരുകയാണ്. കോവിഡിന് മുമ്പ് 2008-09 സാമ്പത്തിക വർഷം മുതൽ അദ്ദേഹത്തിന്റെ അടിസ്ഥാന വേതനം 15 കോടി രൂപയായിരുന്നു.
2020 ജൂണിലാണ് അദ്ദേഹം വേതനം വേണ്ടെന്നുവയ്ക്കുന്നതായി വ്യക്തമാക്കിയത്. ഇതിൽ അടിസ്ഥാന ശമ്പളം, വിവിധ അലവൻസുകൾ, കമ്മിഷനുകൾ തുടങ്ങിയവയും ഉൾപ്പെടുന്നു.
2021-22, 2022-23, 2023-24 വർഷങ്ങളിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എന്ന നിലയിൽ അദ്ദേഹം വേതനമൊന്നും വാങ്ങിയിട്ടില്ലെന്ന് കമ്പനിയുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കി.
ലോക കോടീശ്വരന്മാരിൽ 11-ാമൻ
20 ലക്ഷം കോടി രൂപ വിപണിമൂല്യവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്.
61കാരനായ മുകേഷ് അംബാനിക്കും കുടുംബത്തിനും റിലയൻസിൽ 50 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുണ്ട്.
ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടിക പ്രകാരം 10,900 കോടി ഡോളർ (9.15 ലക്ഷം കോടി രൂപ) ആസ്തിയുമായി ലോകത്ത് 11-ാം സ്ഥാനത്താണ് മുകേഷ് അംബാനി.
10,300 കോടി ഡോളർ (8.64 ലക്ഷം കോടി രൂപ) ആസ്തിയുമായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 12-ാം സ്ഥാനത്തുണ്ട്.