മുംബൈ: തിങ്കളാഴ്ച അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരിയാണ് ജെന്‍സോള്‍ എഞ്ചിനീയറിംഗിന്റേത്. മാത്രമല്ല, എക്കാലത്തേയും ഉയരമായ 991 രൂപ രേഖപ്പെടുത്താനും ഓഹരിയ്ക്കായി. 2022 ല്‍ 731 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം നല്‍കിയ ഓഹരി കഴിഞ്ഞ ഒരു മാസത്തില്‍ 76 ശതമാനം ഉയര്‍ച്ചയും കൈവരിച്ചു.
ഒരു വര്‍ഷത്തില്‍ 1700 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി സ്വന്തമാക്കിയത്. നിരവധി അനുകൂല ഘടകങ്ങളാണ് കമ്പനിയില്‍ നിക്ഷേപകരുടെ വിശ്വാസമുയര്‍ത്തുന്നത്. ജൂണിലവസാനിച്ച പാദത്തില്‍ ഈ ഊര്‍ജ്ജ കമ്പനി ആദ്യമായി 100 കോടി രൂപയുടെ വരുമാനം നേടിയിരുന്നു.
മാത്രമല്ല, പ്രമോട്ടര്‍ കമ്പനിയില്‍ നിക്ഷേപം ഉയര്‍ത്തിയതും യു.എസ് ആസ്ഥാനമായ ഇലക്ട്രോണിക്ക് വാഹന സ്റ്റാര്‍ട്ട്അപ്പില്‍ പങ്കാളിത്തം നേടിയതും വാര്‍ത്തയായി. ഇതോടെ 200 കിലോമീറ്റര്‍ റെയ്ഞ്ചിലുള്ള ഇലക്ട്രോണിക് കാര്‍ എന്ന ലക്ഷ്യത്തിലേയ്ക്ക് കമ്പനി അടുത്തു. 2023 ആദ്യപാദത്തില്‍ 12,000 കാറുകള്‍ പുറത്തിറക്കാനാണ് പദ്ധതി.
ഇതിനായി പൂനെയില്‍ പ്ലാന്റ് സ്വന്തമാക്കുകയും ഓട്ടോമൊബൈല്‍ എഞ്ചിനീയര്‍മാരുടേയും ഡിസൈനര്‍മാരുടേയും റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാക്കുകയും ചെയ്തു. സാങ്കേതിക വികസനത്തിനായി റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് വിപുലീകരിക്കുന്നുമുണ്ട്.
സോളാര്‍ കണ്‍സള്‍ട്ടിംഗ് സേവനമാണ് കമ്പനിയുടെ മറ്റൊരു തട്ടകം.സോളാര്‍ എഞ്ചിനീയറിഗ്, പ്രൊക്ക്യുര്‍മെന്റ്, നിര്‍മ്മാണം എന്നീ സേവനങ്ങളും എക്‌സ്ട്രാ ഹൈ വോള്‍ട്ടേജ് (ഇഎച്ച് വി) കണ്‍സള്‍ട്ടന്‍സി സേവനവും കമ്പനി നല്‍കുന്നു.