ന്യൂഡല്‍ഹി: മള്‍ട്ടിബാഗര്‍ ഓഹരിയായ നോളജ് മറൈന്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്ക്‌സ് (കെഎംഇഡബ്ല്യു) തിങ്കളാഴ്ച റെക്കോര്‍ഡ് ഉയരമായ 408 രൂപ രേഖപ്പെടുത്തി. തുടര്‍ന്ന് വില്‍പന സമ്മര്‍ദ്ദം നേരിട്ട ഓഹരി 397 രൂപയിലേയ്ക്ക് താഴുകയും ചെയ്തു. കഴിഞ്ഞ 10 മാസത്തില്‍ 730 ശതമാനത്തിന്റെ നേട്ടം സ്വന്തമാക്കിയ ഓഹരിയാണിത്.
കഴിഞ്ഞമാസത്തില്‍ 50 ശതമാനവും 6 മാസത്തില്‍ 150 ശതമാനവും ഉയര്‍ച്ച കൈവരിക്കാന്‍ ഓഹരിയ്ക്കായി. 2021 ല്‍ ബിഎസ്ഇ എസ്എം ഇയില്‍ 37 രൂപയിലാണ് ഓഹരി ലിസ്റ്റ് ചെയ്തത്. 25 കോടിയോ അതില്‍ കുറവോ പെയ്ഡ് അപ്പ് കാപിറ്റലുള്ള ചെറുകിട സംരഭങ്ങളാണ് എസ്എംഇയില്‍ ലിസ്റ്റ് ചെയ്യുക.
2015 ല്‍ രൂപീകൃതമായ കെഎംഇഡബ്ല്യു ഒരു ഷിപ്പിംഗ് കമ്പനിയാണ്. കപ്പലുകളുടെ അറ്റകുറ്റപണികള്‍ നിര്‍വഹിക്കുന്നതിനോടൊപ്പം സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളുടെ ഉപദേഷ്ടാക്കളായും പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ മെയില്‍ പൊതുമേഖല സ്ഥാപനമായ ഡ്രെഡ്ജിംഗ് കോര്‍പറേഷനില്‍ നിന്നും 68 കോടി രൂപയുടെ കരാര്‍ കമ്പനിയ്ക്ക് ലഭ്യമായി.
നിലവില്‍ 182 കോടി രൂപയുടെ ഓര്‍ഡര്‍ബുക്കാണുള്ളത്. 407.34 കോടി രൂപയാണ് നിലവില്‍ വിപണി മൂല്യം.