ന്യൂഡല്‍ഹി: കഴിഞ്ഞ 23 വര്‍ഷത്തില്‍ 73,122.22 ശതമാനം ഉയര്‍ച്ച നേടിയ ഓഹരിയാണ് ആരതി ഇന്‍ഡസ്ട്രീസിന്റേത്. 1.08 രൂപയില്‍ നിന്നും 790.95 രൂപയിലേയ്ക്കായിരുന്നു വളര്‍ച്ച. 23 വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 7.32 കോടി രൂപയായി മാറുമായിരുന്നു.
കഴിഞ്ഞ 5 വര്‍ഷത്തില്‍ 237.79 ശതമാനം ഉയര്‍ന്ന ഓഹരി, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 13.18 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2022 ല്‍ 22.27 ശതമാനമാണ് ഓഹരി നേരിട്ട തകര്‍ച്ച. നിലവില്‍ 790.95 രൂപ വിലയുള്ള ഓഹരിയുടെ 52 ആഴ്ചയിലെ ഉയരം ഒക്ടോബര്‍ 2021 ല്‍ രേഖപ്പെടുത്തിയ 1168 രൂപയാണ്.
ജൂണ്‍ 20, 2022 ലെ 668 രൂപയാണ് 52 ആഴ്ചയിലെ താഴ്ച. 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 32.30 ശതമാനം താഴെയും 52 ആഴ്ചയിലെ താഴ്ചയില്‍ നിന്ന് 18.22 ശതമാനം ഉയരത്തിലുമാണ് നിലവില്‍ ഓഹരി. ജൂണിലവസാനിച്ച പാദത്തില്‍ വരുമാനം 2173 കോടി രൂപയാക്കി വര്‍ധിപ്പിക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു.
മുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 45 ശതമാനം കൂടുതല്‍. 314 കോടി രൂപയുണ്ടായിരുന്ന ഇബിറ്റ 369 കോടി രൂപയാക്കാനും കഴിഞ്ഞു. അതേസമയം ഇബിറ്റ മാര്‍ജിന്‍ 17.0 ശതമാനമായി കുറഞ്ഞു.
189 കോടി രൂപയാണ് നികുതി കഴിച്ചുള്ള ലാഭം. ഒരു വര്‍ഷം മുന്‍പ് ഇത് 165 കോടി രൂപയായിരുന്നു. 28,688.57 കോടി രൂപ വിപണി മൂല്യമുള്ള ആരതി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് രാസ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. ആഗോള തലത്തില്‍ വിപണിയുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് ഉത്പന്നങ്ങളാണ് കമ്പനി നിര്‍മ്മിക്കുന്നത്.
ഫാര്‍മസ്യൂട്ടിക്കല്‍സ്, അഗ്രോകെമിക്കല്‍സ്, പോളിമറുകള്‍, അഡിറ്റീവുകള്‍, സര്‍ഫാക്റ്റന്റുകള്‍, പിഗ്മെന്റുകള്‍, ഡൈകള്‍ എന്നിവയുടെ ഉത്പാദനത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കമ്പനി ഉത്പാദിപ്പിക്കുന്നു. ഫാര്‍മസ്യൂട്ടിക്കല്‍, ഫുഡ്/ബിവറേജ് വ്യവസായങ്ങള്‍ക്കായി എപിഐകള്‍,ഇന്റര്‍മീഡിയറ്റുകള്‍, സാന്തൈന്‍ ഡെറിവേറ്റീവുകള്‍ എന്നിവയും ഉത്പാദിപ്പിക്കുന്നു.
യുഎസ്, നിരവധി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ജപ്പാന്‍ എന്നിവയുള്‍പ്പടെ ലോകമെമ്പാടും വിതരണശൃംഖലയുള്ള കമ്പനിയാണിത്.