ന്യൂഡല്‍ഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ മാരിക്കോ ലിമിറ്റഡ് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ്. 540-547 റെയ്ഞ്ചില്‍ 610രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനാണ് നിര്‍ദ്ദേശം. സ്റ്റോപ് ലോസ് വേണ്ടത് 500 രൂപയിലാണ്.
3 മാസത്തിനുള്ളില്‍ ഓഹരി ലക്ഷ്യത്തിലെത്തും. ഓഹരി അപ്‌ട്രെന്‍ഡ് ആരംഭിച്ചതായി ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടുന്നു. ബോണസ് ഓഹരികളിലൂടെ നിക്ഷേപകരെ കോടിപതികളാക്കിയ ഓഹരിയാണ് മാരിക്കോ ലിമിറ്റഡിന്റേത്. 2001 ജൂലൈ 6 ലെ 2.81 രൂപയില്‍ നിന്നും നിലവിലെ വിലയായ 542.05 രൂപയിലെത്താന്‍ സ്റ്റക്ക് 19,190.04% ത്തിന്റെ കുതിപ്പാണ് നടത്തിയത്.
2001 ജൂലൈയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിയ്ക്ക് 35,587 ഓഹരികള്‍ ലഭ്യമായിരിക്കും. പിന്നീട് 2015 ഡിസംബറിലെ 1:1 ബോണസ് ഓഹരി വിതരണത്തോടെ ഓഹരികളുടെ എണ്ണം 71,174 എണ്ണമായി വളരും. നിലവിലെ വിപണി വിലയില്‍ ഇത്രയും ഓഹരികളുടെ മൂല്യം 3.85 കോടി രൂപയാണ്.
ഓഹരി വില ചരിത്രം
1.35 ശതമാനം താഴ്ന്ന് 542.05 രൂപയിലാണ് വെള്ളിയാഴ്ച ഓഹരി ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 1 ശതമാനം താഴ്ന്ന ഓഹരി 2022 ല്‍ 5.44 ശതമാനത്തിന്റെ നേട്ടം കൈവരിച്ചു. മേല്‍ പരാമര്‍ശച്ചതുപോലെ 21 വര്‍ഷത്തില്‍ 19,190.04% വളരാനും ഓഹരിയ്ക്ക് സാധിച്ചു.
2021 ഒക്ടോബറില്‍ കുറിച്ച 607.70 രൂപയാണ് 52 ആഴ്ച ഉയരം. ജനുവരി 2022 ലെ 455..65 രൂപ 52 ആഴ്ച താഴ്ചയുമാണ്. നിലവില്‍ 52 ആഴ്ച ഉയരത്തില്‍ നിന്നും 10.80 ശതമാനം താഴെയും 52 ആഴ്ച താഴ്ചയില്‍ നിന്നും 18.96 ശതമാനം ഉയരത്തിലുമാണ് ഓഹരി.
59.48 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാര്‍ കൈവശം വയ്ക്കുമ്പോള്‍ 25.16 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 8.67 ശതമാനം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും കൈയ്യാളുന്നു. 0.09 ശതമാനത്തിന്റെ സര്‍ക്കാര്‍ ഹോള്‍ഡിംഗും 6.49 ശതമാനത്തിന്റെ പബ്ലിക് ഷെയര്‍ ഹോള്‍ഡിംഗുമുണ്ട്.
കമ്പനി
70,167.91കോടി വിപണി മൂലധനമുള്ള,ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയായ മാരിക്കോ ഒരു ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. പാരച്യൂട്ട്, സഫോള, സഫോള ഫിറ്റിഫൈ ഗൗര്‍മെറ്റ്, സഫോള ഇമ്മ്യൂണിവേദ, സഫോള മീല്‍മേക്കര്‍, ഹെയര്‍ ആന്‍ഡ് കെയര്‍, പാരച്യൂട്ട് അഡ്വാന്‍സ്ഡ്, നിഹാര്‍ നാച്ചുറല്‍സ്, മെഡിക്കര്‍, കൊക്കോ സോള്‍, റിവൈവ്, സെറ്റ് വെറ്റ്, ലിവോണ്‍ ആന്‍ഡ് ബിയര്‍ഡോ, മാരിക്കോ തുടങ്ങിയ പ്രശസ്തമായ ബ്രാന്‍ഡുകളിലൂടെ ഉപഭോക്തൃ ഉല്‍പ്പന്ന വിതരണക്കാരില്‍ മുന്‍നിരക്കാരാകാന്‍ മാരിക്കോയ്ക്കായി. ഉ ഉല്‍പ്പന്ന ശ്രേണിയില്‍ പാരച്യൂട്ട്, പാരച്യൂട്ട് അഡ്വാന്‍സ്ഡ്, ഹെയര്‍കോഡ്, ഫിയാന്‍സി, കാവില്‍, ഹെര്‍ക്കുലീസ്, ബ്ലാക്ക് ചിക്, കോഡ് 10, ഇംഗ്വെ, എക്‌സ്‌മെന്‍, മെഡിക്കര്‍ സേഫ് ലൈഫ്, തുവാന്‍ ഫാറ്റ്, ഐസോപ്ലസ് തുടങ്ങിയവയും ഉള്‍പ്പെടുന്നു.
ഏഷ്യയിലും ആഫ്രിക്കയിലുമായി 25ലധികം വികസ്വര രാജ്യങ്ങളില്‍ പ്രവര്‍ത്തനമുണ്ട്. ഇന്ത്യയില്‍ പുതുച്ചേരി, പെരുന്തുരൈ, ജല്‍ഗാവ്, ഗുവാഹത്തി, ബഡ്ഡി, സാനന്ദ് എന്നിവിടങ്ങളിലെ 7 പ്ലാന്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
ജൂണ്‍ പാദ പ്രവര്‍ത്തനഫലം
നികുതി കഴിച്ചുള്ള വരുമാനം 4 ശതമാനം ഉയര്‍ന്ന് 371 കോടി രൂപയായി. 499 കോടി രൂപയാണ് നികുതിയ്ക്ക് മുന്‍പുള്ള ലാഭം. ഇബിറ്റ വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനം ഉയര്‍ത്തി 528 കോടി രൂപയാക്കിയ കമ്പനി, ഇബിറ്റ മാര്‍ജിന്‍ 19 ശതമാനത്തില്‍ നിന്നും 20.6 ശതമാനമാക്കി. 2558 കോടി രൂപയാണ് വില്‍പന വരുമാനം.
മുന്‍ വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 2525 കോടി രൂപയായിരുന്നു.