ന്യൂഡല്‍ഹി: കളര്‍ചിപ്‌സ് ന്യൂമീഡിയ ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഓഹരി വിഭജനം ശുപാര്‍ശ ചെയ്തു. വാര്‍ഷിക ജനറല്‍ ബോഡി അനുമതിയോടെ 5:1 എന്ന അനുപാതത്തില്‍ ഓഹരി വിഭജനം പൂര്‍ത്തിയാക്കും. റെക്കോര്‍ഡ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
10 രൂപ മുഖവിലയുള്ള ഓഹരി 2 രൂപ മുഖവിലയുള്ള 5 ഓഹരികളായി വിഭജിക്കാനാണ് പദ്ധതി. കഴിഞ്ഞ ഒരു മാസത്തില്‍ 150 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയ ഓഹരിയാണ് കളര്‍ചിപ്‌സിന്റേത്. 50 രൂപയില്‍ നിന്നും 125 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്.
ആറ് മാസത്തില്‍ 200 ശതമാനവും ഒരു വര്‍ഷത്തില്‍ 450 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി. സിനിമാറ്റോഗ്രാഫി ഫിലിമുകള്‍, ആഡ്ഫിലിമുകള്‍, ടെലിവിഷന്‍ സിനിമകള്‍, വീഡിയോ ഫിലിമുകള്‍, കാര്‍ട്ടൂണ്‍ സിനിമകള്‍, 3ഡി സിനിമകള്‍, ആനിമേഷന്‍ ഫിലിമുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും വിതരണത്തിലും വ്യാപൃതരാണ് കളര്‍ചിപ്‌സ് ന്യൂമീഡിയ ലിമിറ്റഡ്.
കൂടാതെ സിനിമകള്‍, ചിത്ര സിനിമകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ സ്വന്തമാക്കാനും വില്‍ക്കാനും സഹായിക്കുന്നു. ടിവിഎന്‍എക്‌സ്ടി, വേഗ മ്യൂസിക് എന്നീ ബ്രാന്‍ഡ് നാമങ്ങളിലുള്ള യൂട്യൂബ് ചാനലിന് ഒരു കോടിയിലധികം വരിക്കാരുണ്ട്.
ഏഴ് ഇന്ത്യന്‍ ഭാഷകളിലായി 4,000ത്തിലധികം ഫീച്ചര്‍ ഫിലിമുകളുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ കമ്പനിയ്ക്ക് സ്വന്തമാണ്. അവയില്‍ ചിലത് എക്കാലത്തെയും ബ്ലോക്ക് ബസ്റ്ററുകളാണ്.