
ന്യൂഡല്‍ഹി: മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോര്‍ട്ട്. സ്വയം ഭരണം നല്‍കിയിട്ടും പ്രദേശിക ഭരണകൂടങ്ങളുടെ പ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് കേന്ദ്രബാങ്ക് നിരീക്ഷിക്കുന്നു. നഗരത്തിലെ അവശ്യ സേവനങ്ങളുടെ ലഭ്യതയും ഗുണനിലവാരവും മോശമായി തുടരുകയാണ്.
ബാലന്‍സ് ഷീറ്റിനും ക്യാഷ് ഫ്‌ലോ മാനേജ്‌മെന്റിനും ഓഡിറ്റ് ചെയ്ത സാമ്പത്തിക പ്രസ്താവനകള്‍ ഉപയോഗിക്കാത്തത് കണക്കുകളുടെ കാര്യക്ഷമത കുറയ്ക്കുന്നു.മികച്ചതും സുതാര്യവുമായ അക്കൗണ്ടിംഗ് സമ്പ്രദായങ്ങള്‍ സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് കോര്‍പ്പറേഷനുകളെ ഓര്‍മ്മിപ്പിച്ചു. രസീത്, ചെലവ് ഇനങ്ങളുടെ ശരിയായ നിരീക്ഷണവും ഡോക്യുമെന്റേഷനും നടത്തണം.
വിഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍സിപ്പില്‍ കോര്‍പ്പറേഷനുകള്‍ ബോണ്ടുകളും ഭൂമി അധിഷ്ഠിത ധനകാര്യ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണം. വിപണിയില്‍ നിന്ന് കടമെടുത്താണ് കേന്ദ്ര സംസ്ഥാനസര്‍ക്കാറുകള്‍ ധനകമ്മി നികത്തുന്നത്, ആര്‍ബിഐ ഓര്‍മ്മിപ്പിച്ചു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഏകദേശം 85 ശതമാനം ധനം ബോണ്ടുകളിലൂടെ നേടുമ്പോള്‍ കേന്ദ്രത്തിന്റെ വായ്പകള്‍ 61 ശതമാനമാണ്.
നികുതി പിരിവ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ഗ്രാന്റ് എന്നിവയാണ് സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന കോര്‍പ്പറേഷനുകളുടെ പ്രധാന വരുമാന സ്രോതസ്സ്. ഇത് അവരുടെ സ്വയംഭരണാവകാശത്തിന് വിലങ്ങുതടിയാകുന്നു. സ്ഥാപനപരവും ഭരണപരവും ധനകാര്യവുമായ കാര്യങ്ങള്‍ക്കാണ് തദ്ദേശസ്ഥാപനങ്ങള്‍ പണം ചെലവഴിക്കുന്നത്.
അതുകൊണ്ടുതന്നെ മൂലധന ചെലവ് വളരെയധികം കുറയുന്നു. അടിസ്ഥാനസൗകര്യങ്ങള്‍ വേണ്ടതിനാല്‍ സാമ്പത്തിക വിഭവങ്ങളുടെ ഒഴുക്ക് ആവശ്യമാണ്.
എന്നാല്‍ സ്വന്തമായി വരുമാനം സൃഷ്ടിക്കാനുള്ള ശേഷി പ്രദേശിക ഭരണകൂടങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന കേന്ദ്രങ്ങളിലുള്ള ഇവയുടെ ആശ്രിതത്വം വര്‍ധിക്കുകയാണ്.
വിടവുകള്‍ പരിഹരിക്കുന്നതിന് ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കേന്ദ്ര / സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവ നല്‍കുന്ന വായ്പകളെ തദ്ദേശ ഭരണകൂടങ്ങള്‍ക്ക് ആശ്രയിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തില്‍ നൂതന സാമ്പത്തിക സംവിധാനങ്ങള്‍ ആവശ്യമാണ്. സംസ്ഥാന സര്‍ക്കാറുകള്‍ കൃത്യമായി ധനകാര്യ കമ്മീഷനുകള്‍ (എസ്എഫ്‌സി) രൂപീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതിനാല്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് സമയബന്ധിതമായി നിയമാനസൃത ഫണ്ട് നല്‍കാന്‍ സാധിക്കുന്നില്ല. ഇന്ത്യയിലെ മുനിസിപ്പാലിറ്റികള്‍ അവരുടെ ബജറ്റുകള്‍ നിയമം അനുസരിച്ച് സന്തുലിതമാക്കേണ്ടതുണ്ട്. വായ്പയെടുക്കാന്‍ മുന്‍സിപ്പാലിറ്റികളേയും കോര്‍പ്പറേഷമുകളേയും അനുവദിക്കണമെന്നും റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ മുനിസിപ്പല്‍ വരുമാനം / ചെലവുകള്‍ ഒരു ദശകത്തിലേറെയായി ജിഡിപിയുടെ ഏകദേശം 1 ശതമാനമാണ്.
എന്നാല്‍ ബ്രസീലിലിത് ജിഡിപയുടെ 7.4 ശതമാനവും ദക്ഷിണാഫ്രിക്കയില്‍ ജിഡിപിയുടെ 6 ശതമാനവുമാണ്. വരുമാനം മെച്ചപ്പെടുത്തുന്നതിനായി, കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ജിഎസ്ടിയുടെ ആറിലൊന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുമായി പങ്കിടാവുന്നതാണ്.