
ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള മൈക്രോബ്ലോഗിങ് മാധ്യമമായ എക്സിനെ (പഴയ ട്വിറ്റർ) സ്വന്തം എഐ കമ്പനിയെക്കൊണ്ട് ഏറ്റെടുപ്പിച്ച് ഇലോൺ മസ്ക്. 2022ലായിരുന്നു 4,400 കോടി ഡോളറിന് മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തതും പേര് എക്സ് (X) എന്നു മാറ്റിയതും.
എന്നാൽ, സ്വന്തം എഐ (നിർമിതബുദ്ധി) കമ്പനിയായ എക്സ്എഐയെ (xAI) കൊണ്ട് ഇപ്പോൾ എക്സിനെ മസ്ക് ഏറ്റെടുപ്പിച്ചിരിക്കുന്നത് 3,300 കോടി ഡോളറിനാണ്.
4,500 കോടി ഡോളറാണ് എക്സിന്റെ മൂല്യമെങ്കിലും (Valuation) 1,200 കോടി ഡോളറിന്റെ കടം (debt) കിഴിച്ചുള്ള തുകയ്ക്കാണ് ഏറ്റെടുക്കൽ എന്ന് ഇലോൺ മസ്ക് തന്നെ എക്സിൽ വ്യക്തമാക്കി.
ചാറ്റ്ജിപിടി എന്ന നിർമിതബുദ്ധി പ്ലാറ്റ്ഫോം ഒരുക്കി ലോകമാകെ വൻ ചലനം സൃഷ്ടിച്ച ഓപ്പൺഎഐയെ (OpenAI) വെല്ലുവിളിച്ച് ഒന്നരവർഷം മുമ്പ് മസ്ക് ആരംഭിച്ചതാണ് എക്സ്എഐ.
സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് നിലവിൽ ഉപയോഗിക്കാവുന്ന ഗ്രോക് എഐ പ്ലാറ്റ്ഫോമിന്റെ സ്രഷ്ടാക്കളാണ് എക്സ്എഐ. 2015ൽ മസ്കും കൂടി ചേർന്നായിരുന്നു ഓപ്പൺഎഐക്ക് തുടക്കമിട്ടതെങ്കിലും കമ്പനിയുടെ സിഇഒ സാം ഓൾട്ട്മാൻ ഉൾപ്പെടെയുള്ളവരുമായുള്ള തർക്കത്തെ തുടർന്ന് അദ്ദേഹം കമ്പനിയിൽ നിന്ന് പടിയിറങ്ങിയിരുന്നു.
എക്സ്എഐയുടെ അതിനൂതന എഐ ശക്തിയും വൈദഗ്ധ്യവും എക്സിന്റെ വിപുലമായ ഉപഭോക്തൃ അടിത്തറയും സംയോജിപ്പിക്കുകയാണ് ഏറ്റെടുക്കലിലൂടെ ചെയ്യുന്നതെന്ന് മസ്ക് വ്യക്തമാക്കി. എക്സ്എഐക്ക് 8,000 കോടി ഡോളർ മൂല്യം വിലയിരുത്തിയുള്ള സ്വാപ്പ് ഇടപാടാണ് നടന്നത്.
അതായത്, എക്സിന്റെ നിക്ഷേപകർക്ക് എക്സ്എഐയുടെ ഓഹരികളാകും ഡീലിലൂടെ തിരികെ ലഭിക്കുക. എക്സിനും എക്സ്എഐക്കും പൊതു അന്യേന്യ നിക്ഷേപകരുണ്ട് (Mutual Investors).
വെഞ്ചർ ക്യാപിറ്റൽ രംഗത്തെ ആൻഡ്രീസെൻ ഹോറോവിറ്റ്സ്, സെക്വോയ ക്യാപിറ്റൽ, ഫിഡലിറ്റി മാനേജ്മെന്റ്, സൗദി അറേബ്യയുടെ കിങ്ഡം ഹോൾഡിങ് കമ്പനി എന്നിവ അതിലുൾപ്പെടുന്നു.
സ്പേസ്എക്സ്, ടെസ്‍ല എന്നിവയുടെ എന്നിവയുടെ സിഇഒയും ട്രംപ് ഭരണകൂടത്തിന്റെ നൈപുണ്യവികസന, ഉപദേശക സമിതിയായ ഡോജിന്റെ (DOGE) മേധാവിയും ലോകത്തെ ഏറ്റവും സമ്പന്നനുമായ മസ്ക്, 2022ൽ എക്സിനെ ഏറ്റെടുത്തതിനു പിന്നാലെ കമ്പനിയിൽ നിന്ന് വ്യാപകമായി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
ഡോജിന്റെ മേധാവിയെന്ന നിലയിൽ യുഎസ് ഗവൺമെന്റിലെ ജീവനക്കാരെയും വൻതോതിൽ പിരിച്ചുവിടുന്ന നയമാണ് മസ്കിനുള്ളത്. ഇതേത്തുടർന്ന്, ടെസ്‍ലയെ ബഹിഷ്കരിക്കുന്നതടക്കം വ്യാപകമായ പ്രതിഷേധവും മസ്കിനെതിരെ ഉയർന്നിട്ടുണ്ട്.
എക്സ്എഐ അടുത്തിടെ മൂലധനസമാഹരണം നടത്തിയപ്പോൾ നിക്ഷേപകർ 5,000 കോടി ഡോളറായിരുന്നു മൂല്യം കൽപിച്ചിരുന്നത്. 7,500 കോടി ഡോളർ മൂല്യത്തിൽ കമ്പനി വീണ്ടും മൂലധനസമാഹരണത്തിന് തയാറെടുക്കുന്നുവെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. 26,000 കോടി ഡോളറാണ് ഓപ്പൺഎഐയുടെ മൂല്യം.