ന്യൂയോർക്ക്: ഹൈന്ദവ പുരാണങ്ങളിൽ ലോകത്തെ ഏറ്റവും സമ്പന്നനായി കണക്കാക്കുന്നത് കുബേരനെയാണെങ്കിൽ വർത്തമാനകാലത്ത് ആ പട്ടം സാക്ഷാൽ ഇലോൺ മസ്കിന് സ്വന്തം.
എതിരാളികളൊന്നുമില്ലാതെ സമ്പന്നലോകത്തെ ഒന്നാം നമ്പർ പദവിയിലേറി കുതിക്കുകയാണ് യുഎസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‍ല, മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ എക്സ് (ട്വിറ്റർ), സ്വകാര്യ ബഹിരാകാശ ദൗത്യസ്ഥാപനമായ സ്പേസ്എക്സ് എന്നിവയുടെ തലവൻ മസ്ക്.
ലോക ചരിത്രത്തിൽ ആസ്തി 40,000 കോടി ഡോളർ കടന്ന ആദ്യ വ്യക്തിയാണ് മസ്ക്. ഇന്നലെ യുഎസ് ഓഹരി വിപണികൾ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം മസ്കിന്റെ സമ്പത്ത് 44,700 കോടി ഡോളർ.
ഏകദേശം 37.90 ലക്ഷം കോടി രൂപ. ഇന്നലെ ഒറ്റദിവസം മാത്രം 6,280 കോടി ഡോളറിന്റെ (5.32 ലക്ഷം കോടി രൂപ) വര്‍ധന. 2024ൽ ഇതുവരെ ആസ്തിയിൽ വർധിച്ചത് 18.4 ലക്ഷം കോടി രൂപ.
ലോകത്തെ ഏറ്റവും സമ്പന്നനായ മസ്കിന് തന്നെയാണ് സമ്പത്ത് ആദ്യമായി 30,000 കോടി ഡോളർ കടന്ന വ്യക്തിയെന്ന റെക്കോർഡും. മറ്റാരും ഈ നാഴികക്കല്ല് ഇതുവരെ മറികടന്നിട്ടുമില്ല.
ബ്ലൂംബെർഗിന്റെ പട്ടികയിൽ രണ്ടാമതുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 24,900 കോടി ഡോളറാണ് (21.11 ലക്ഷം കോടി രൂപ). മസ്കിനേക്കാൾ 19,800 കോടി ഡോളറിന്റെ അകലം.
മൂന്നാമതുള്ള മെറ്റ മേധാവി മാർക്ക് സക്കർബർഗിന്റെ ആസ്തി 22,400 കോടി ഡോളർ. ഓറക്കിൾ മേധാവി ലാറി എലിസൺ (19,800 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ എൽവിഎംഎച്ചിന്റെ തലവൻ ബെർണാഡ് അർണോ (18,100 കോടി ഡോളർ) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് പട്ടികയിൽ മുൻനിരയിലുള്ള ഇന്ത്യക്കാരൻ. 17-ാമതുള്ള അദ്ദേഹത്തിന്റെ ആസ്തി 9,710 കോടി ഡോളർ (8.23 ലക്ഷം കോടി രൂപ).
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 19-ാം സ്ഥാനത്തുണ്ട് (7,930 കോടി ഡോളർ/6.72 ലക്ഷം കോടി രൂപ).