
കൊച്ചി: കൊച്ചി ആസ്ഥാനമായുള്ള നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ (എൻബിഎഫ്‌സി) മുത്തൂറ്റ് ഫിനാൻസ് ഈ സാമ്പത്തിക വർഷാവസാനത്തോടെ 10-12 ശതമാനം വളർച്ച കൈവരിച്ച് കൊണ്ട് പ്രധാന ഗോൾഡ് ലോൺ പ്രവർത്തനങ്ങളിലൂടെ ബിസിനസ് മെച്ചപ്പെടുത്താൻ പദ്ധതിയിടുന്നതായി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.
10-15% വളർച്ച എന്ന മുൻ മാർഗനിർദ്ദേശത്തിൽ നിന്ന് ഒന്നാം പാദത്തിൽ കമ്പനി അതിന്റെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തികളിൽ (എയുഎം) 2 ശതമാനത്തിന്റെ തുടർച്ചയായ ഇടിവും വാർഷിക അടിസ്ഥാനത്തിൽ 8 ശതമാനത്തിന്റെ നിശബ്ദമായ വളർച്ചയ്‌ക്കും സാക്ഷ്യം വഹിച്ചിരുന്നു. അതേസമയം സാധാരണയേക്കാൾ ഉയർന്ന അളവിലുള്ള സ്വർണം ലേലം ചെയ്യേണ്ടി വന്നതിനാലാണ് കമ്പനിയുടെ എയുഎം കുറഞ്ഞതെന്ന് അലക്സാണ്ടർ മുത്തൂറ്റ് അഭിപ്രായപ്പെട്ടു.
ഒരു വിഭാഗം ഉപഭോക്താക്കൾക്ക് സ്വർണ്ണത്തിന്മേൽ എടുത്ത വായ്പയുടെ തിരിച്ചടവ് നടത്താൻ കഴിയാത്തതിനാലാണ് കമ്പനിക്ക് സ്വർണ്ണം ലേലം ചെയ്യേണ്ടിവന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനാൽ ലേലത്തിന്റെ അളവ് സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2023 സാമ്പത്തിക വർഷത്തിൽ വായ്പാ വളർച്ച സ്ഥിരത കൈവരിക്കുമെന്നതിനാൽ വരുന്ന പാദങ്ങളിൽ 10-12% പുരോഗതിയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലുടനീളം 150 പുതിയ ശാഖകൾ ആരംഭിക്കുന്നതിന് കമ്പനിക്ക് അടുത്തിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതി ലഭിച്ചിരുന്നു. കൂടാതെ ഗോൾഡ് ലോൺ ബിസിനസിൽ സ്ഥാപനം വലിയ വളർച്ച സാധ്യത കാണുന്നതായി എംഡി പറഞ്ഞു.
പുതിയ ധനസമാഹരണത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ്, വരുന്ന ഓരോ പാദത്തിലും പബ്ലിക് ലിസ്റ്റ് ചെയ്ത നോൺ-കൺവേർട്ടബിൾ ഡിബഞ്ചറുകളുടെ (എൻസിഡി) ഇഷ്യൂവിൽ നിന്ന് ഏകദേശം 500-600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അറിയിച്ചു. പബ്ലിക് ലിസ്‌റ്റഡ് എൻസിഡി ഇഷ്യൂവിൽ നിന്ന് കമ്പനി അടുത്തിടെ 643 കോടി രൂപ സമാഹരിച്ചിരുന്നു.