കൊച്ചി: 2024 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ (2023-24) മുത്തൂറ്റ് ഫിനാൻസിന്റെ ലാഭത്തിൽ 22 ശതമാനം വർധനവ്. 1056 കോടി രൂപയാണ് ലാഭം. മുൻവർഷം ഇതേകാലയളവിൽ ലാഭം 903 കോടി രൂപയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വായ്പ ദാതാക്കളായ മുത്തൂറ്റ് ഫിനാൻസിന്‍റെ പ്രവർത്തന വരുമാനം 8 ശതമാനം ഉയർന്ന് 3,409 കോടി രൂപയായി. 3,358 കോടി രൂപയാണ് പലിശ വരുമാനം. 20 ശതമാനത്തോളം ഉയർച്ചയാണ് പലിശ വരുമാനത്തിൽ ഉണ്ടായത്.
മാർച്ച് 31ലെ കണക്കുകൾ പ്രകാരം 75,827 കോടി രൂപയുടെ വായ്പകളാണ് മുത്തൂറ്റ് ഫിനാൻസ് കൈകാര്യം ചെയ്യുന്നത്. ഓഹരി ഒന്നിന് 24 രൂപ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.
സ്വർണ വില ഉയരുന്നത് മുത്തൂറ്റ് ഫിനാൻസ് ഉൾപ്പടെയുള്ള കമ്പനികളുടെ വായ്പാ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. ലാഭകണക്കുകൾ പുറത്തു വന്നതിന് പിന്നാലെ മുത്തൂറ്റ് ഫിനാൻസിന്‍റെ ഓഹരികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 50 ശതമാനത്തിലധികം നേട്ടമാണ് മുത്തൂറ്റ് ഓഹരികൾ നിക്ഷേപകർക്ക് നൽകിയത്.