കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 2517 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,140 കോടി രൂപയായിരുന്നു.
18 ശതമാനമാണ് വര്‍ധന. അതേസമയം രണ്ടാം പാദത്തില്‍ 1,321 കോടി രൂപയാണ് സംയോജിത അറ്റാദായം. മുന്‍വര്‍ഷത്തെ 1,095 കോടി രൂപയേക്കാള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനമാണ് വര്‍ധന.
കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ ആദ്യ പകുതിയില്‍ 1,04,149 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 79,493 കോടി രൂപയായിരുന്നു. 31 ശതമാനമാണ് വര്‍ധന. സ്വര്‍ണ വായ്പ 28 ശതമാനം വര്‍ധിച്ച് 86,164 കോടി രൂപയിലെത്തി.
മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം സാമ്പത്തിക വര്‍ഷം ആദ്യ പകുതിയിലെ അറ്റാദായം 2,330 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 1,966 കോടി രൂപയേക്കാള്‍ 18 ശതമാനമാണ് വര്‍ധന.
രണ്ടാം പാദത്തില്‍ ഇത് 1,251 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷം സമാന പാദത്തില്‍ 991 കോടി രൂപയായിരുന്നു 26 ശതമാനമാണ് വര്‍ധന.
സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ കമ്പനി മാത്രം കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 90,197 കോടി രൂപയായി.
കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ ആദ്യ പകുതിയില്‍ ഒരു ലക്ഷം കോടി രൂപയെന്ന സുവര്‍ണ നാഴികക്കല്ല് പിന്നിട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.
ആദ്യ പകുതിയില്‍ നികുതിക്ക് ശേഷമുള്ള സംയോജിത അറ്റാദായം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2517 കോടി രൂപയിലെത്തി. ഈ നേട്ടം തങ്ങളുടെ ജീവനക്കാരുടെ പരിശ്രമത്തിന്റെയും മൂല്യമുള്ള ഉപഭോക്താക്കളുടെ അര്‍പ്പണ ബോധത്തിന്റെയും പ്രതിഫലനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മികച്ച സാമ്പത്തിക നേട്ടങ്ങള്‍ കൈവരിച്ചതില്‍ സന്തോഷമുണ്ട്. സ്വര്‍ണ്ണ വായ്പാ 28 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടിയത്.
ഈ ആദ്യ പകുതിയില്‍ പുതിയ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണ വായ്പ വിതരണമാണ് നടന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.