Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

മുത്തൂറ്റ് ഫിനാൻസിന്റെ വിപണിമൂല്യം 91,000 കോടിയിൽ; നേട്ടത്തിലേറുന്ന ആദ്യ കേരള കമ്പനി

കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും മുൻനിര സ്വർണപ്പണയ സ്ഥാപനവുമായ മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരികൾ റെക്കോർഡ് ഉയരത്തിൽ. എൻഎസ്ഇയിൽ 2,261.40 രൂപയിൽ ഇന്നലെ വ്യാപാരം തുടങ്ങിയ ഓഹരി, ഒരുഘട്ടത്തിൽ 2,308.95 രൂപയെന്ന റെക്കോർഡ് ഉയരം തൊട്ടു. ഇന്നലത്തെ സെഷൻ അവസാന മിനിറ്റുകളിലേക്ക് കടക്കുമ്പോൾ വ്യാപാരം നടന്നത് 1.38% ഉയർന്ന് 2,270 രൂപയിൽ.

കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയുമായ മുത്തൂറ്റ് ഫിനാൻസിന്റെ വിപണിമൂല്യം 91,000 രൂപയും ഭേദിച്ചു. 90,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിടുന്ന ആദ്യ കേരളക്കമ്പനിയെന്ന നേട്ടവും മുത്തൂറ്റ് ഫിനാൻസിന് സ്വന്തം.

58,998 കോടി രൂപ വിപണി മൂല്യവുമായി കല്യാൺ ജ്വല്ലേഴ്സാണ് കേരളക്കമ്പനികളിൽ മൂല്യത്തിൽ രണ്ടാമത്. ഫാക്ട് (58,262 കോടി രൂപ), ഫെഡറൽ ബാങ്ക് (45,200 കോടി രൂപ), കൊച്ചിൻ ഷിപ്പ്‍യാർഡ് (37,452 കോടി രൂപ) എന്നിവയാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളിൽ.

ഇക്കഴിഞ്ഞ ഒക്ടോബർ-ഡിസംബർ പാദത്തിൽ മുത്തൂറ്റ് ഫിനാൻസ് മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന വിലയിരുത്തലുകളുടെ കരുത്തിലാണ് ഓഹരികളുടെ നേട്ടം. ഡിസംബർപാദ പ്രവർത്തനഫലം കമ്പനി ഫെബ്രുവരി 12ന് പുറത്തുവിടും.

നടപ്പുവർഷത്തെ (2024-25) ആദ്യപാതിയിൽ (ഏപ്രിൽ-സെപ്റ്റംബർ) കമ്പനിയുടെ തനി വായ്പാമൂല്യം 90,197 കോടി രൂപയെന്ന റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. സ്വർണപ്പണയ വായ്പകളിൽ 28% വാർഷിക വർധനയുണ്ടായതാണ് നേട്ടമായത്. ഡിസംബർ പാദത്തിലും ഈ ശ്രേണിയിൽ മികച്ച വളർച്ചയുണ്ടായെന്ന് കരുതുന്നു.

ഏപ്രിൽ-സെപ്റ്റംബറിൽ സംയോജിത (ഉപകമ്പനികളുടെയും ചേർത്ത്) വായ്പാമൂല്യം ഒരുലക്ഷം കോടി രൂപയെന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു.

ഈടുരഹിത വായ്പകൾക്കുമേൽ റിസർവ് ബാങ്ക് നിയന്ത്രണം കടുപ്പിച്ചതോടെ സ്വർണപ്പണയ വായ്പകൾക്ക് ഡിമാൻഡ് ഏറിയതും സ്വർണവിലയിലെ സമീപകാല റെക്കോർഡ് മുന്നേറ്റവും, മുത്തൂറ്റ് ഫിനാൻസിന്റെ ഗോൾഡ് ലോൺ വിതരണ വളർച്ച മെച്ചപ്പെടാൻ സഹായിച്ചുവെന്നാണ് വിലയിരുത്തലുകൾ.

കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 66% നേട്ടം സമ്മാനിച്ച ഓഹരിയാണ് മുത്തൂറ്റ് ഫിനാൻസ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം ഓഹരിവില 18 ശതമാനത്തിലധികവും ഉയർന്നു.

X
Top