കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 15.2 ശതമാനം വര്‍ധിച്ച് 12,518 കോടി രൂപയിലെത്തിയതായി നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ആകെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 18 ശതമാനം വര്‍ധിച്ച് 667 കോടി രൂപയിലും എത്തിയിട്ടുണ്ട്.
അറ്റ പലിശ വരുമാനം 57 അടിസ്ഥാന പോയിന്‍റുകള്‍ വര്‍ധിച്ച് 13.36 ശതമാനത്തിലും എത്തി. വകയിരുത്തലുകള്‍ക്കു മുന്‍പുള്ള പ്രവര്‍ത്തന ലാഭം 26.1 ശതമാനം വര്‍ധിച്ച് 236 കോടി രൂപയിലെത്തി. അറ്റദായം 109 കോടി രൂപയില്‍ നിന്ന് 62 കോടി രൂപയിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
അടുത്ത കാലത്ത് ഈ മേഖലയിലുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തിലും മുത്തൂറ്റ് മൈക്രോഫിന്‍ ഈ ത്രൈമാസത്തില്‍ ശക്തമായ പ്രകടനം കാഴ്ച വെച്ചതായി മാനേജിങ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി.
സ്വര്‍ണ വായ്പാ രംഗത്ത് വാര്‍ഷികാടിസ്ഥാനത്തില്‍ 15.2 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 31 പുതിയ ബ്രാഞ്ചുകളും ആരംഭിച്ചു.
അച്ചടക്കത്തോടു കൂടിയ വായ്പാ പ്രക്രിയകള്‍ വളര്‍ച്ചയ്ക്കും അതേ സമയം തന്നെ ഗുണനിലവാരമുളള ആസ്തികളുടെ തുടര്‍ച്ചയ്ക്കും സഹായകമായി.
ഈ ത്രൈമാസത്തില്‍ മൊത്തം നിഷ്ക്രിയ ആസ്തികള്‍ 2.70 ശതമാനത്തിലും അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.97 ശതമാനത്തിലും നിലനിര്‍ത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.