
കൊച്ചി: ഏപ്രിലിൽ ഇന്ത്യയിലെ മ്യൂച്ച്വൽ ഫണ്ടുകളുടെ മൊത്തം ആസ്തി 57 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തി.
ഒരു വർഷത്തിനിടെ മൊത്തം ആസ്തി മൂല്യത്തിൽ പത്ത് ലക്ഷം കോടി രൂപയുടെ വർദ്ധനയാണുണ്ടായതെന്ന് അസോസിയേഷൻ മ്യൂച്ച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഏഴ് ലക്ഷം കോടി രൂപയുടെ വർദ്ധനയാണ് മ്യൂച്ച്വൽ ഫണ്ടുകളുടെ മൂല്യത്തിലുണ്ടായത്.
അതേസമയം മാർച്ചിൽ മ്യൂച്ച്വൽ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് 16.7 ശതമാനം കുറഞ്ഞ് 18,917 കോടി രൂപയിലെത്തി.
ഡിസംബറിന് ശേഷം മ്യൂച്ച്വൽ ഫണ്ടുകളിലെത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിമാസ നിക്ഷേപമാണിത്.