മുംബൈ: സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി ഏപ്രിലില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നടത്തിയ നിക്ഷേപം 20,371.47 കോടി രൂപയാണ്. ഇത് ആദ്യമായാണ് ഒരു മാസത്തെ എസ്‌ഐപി നിക്ഷേപം 20,000 കോടി രൂപയ്‌ക്ക് മുകളിലെത്തുന്നത്.
മാര്‍ച്ചില്‍ 19,270 കോടി രൂപയും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 13,728 കോടി രൂപയുമാണ് എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്.
ഏപ്രിലില്‍ എസ്‌ഐപി അക്കൗണ്ടുകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം 8.70 കോടിയായി.
ചെലവ് കുറച്ച് നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച ഉപാധിയാണ് എസ്‌ഐപി. വിപണി ഉയരുമ്പോള്‍ വാങ്ങുന്ന യൂണിറ്റുകളുടെ എണ്ണം കുറയുകയാണ് ചെയ്യുന്നതെങ്കില്‍ വിപണി ഇടിഞ്ഞാല്‍ അത് കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരമാക്കി മാറ്റുകയാണ് എസ്‌ഐപി ചെയ്യുന്നത്.
ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരെ പിന്തിരിപ്പിക്കുന്ന ഒരു ഘടകം ഓഹരി വിപണി ഇനി എങ്ങോട്ട് എന്ന അനിശ്ചിതത്വമാണ്. വിപണി ഇടിഞ്ഞാല്‍ നിക്ഷേപത്തിന്റെ മൂല്യവും ഇടിയുമല്ലോ എന്നതാണ് അവരുടെ ആശങ്ക.
വിദഗ്‌ധര്‍ക്കു പോലും വിപണിയുടെ നില കൃത്യമായി പ്രവചിക്കുക അസാധ്യമാണെന്നിരിക്കെ ഒറ്റയടിക്ക് നിക്ഷേപം നടത്താനുള്ള കൃത്യമായ ഒരു ഘട്ടം ഏതെന്ന് ആര്‍ക്കും നിര്‍വചിക്കാനാകില്ല.
വിപണിയുടെ ഗതിയെ കുറിച്ച് പ്രവചിക്കാന്‍ ശ്രമിച്ച് നിക്ഷേപ അവസരത്തിനായി കാത്തിരുന്നാല്‍ മികച്ച അവസരങ്ങള്‍ നഷ്‌ടപ്പെടുകയാവും ഫലം.
അതിനാല്‍ വിപണിയുടെ ഗതിയെ കുറിച്ച് വ്യാകുലപ്പെടാതെ എല്ലാ കാലത്തും ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ നിക്ഷേപമാര്‍ഗമാണ് എസ്‌ഐപി.