ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

മ്യൂച്വല്‍ ഫണ്ടുകള്‍ സ്വന്തമാക്കിയത് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 46,100 കോടി രൂപ മൂല്യമുള്ള ഓഹരികൾ

ഇടവേളയ്ക്കു ശേഷം എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികളിൽ നോട്ടമിട്ട് വൻ കിട ആഭ്യന്തര നിക്ഷേപകർ. നടപ്പ് കലണ്ടർ വർഷത്തിന്റെ ആദ്യ പകുതി വരെ 46,100 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് മ്യൂച്വൽ ഫണ്ടുകൾ സ്വന്തമാക്കിയത്.

2023ലെ അവസാന മൂന്ന് മാസങ്ങളിലെ വില്പന പ്രവണതയെ അട്ടമിറിച്ചാണ് ഫണ്ടു ഹൗസുകളുടെ ഈ നീക്കം. ഇതോടെ എച്ച്ഡിഎഫ്സി ബാങ്കിലെ മ്യൂച്വൽ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം 2023 ഡിസംബറിലെ 19.5 ശതമാനത്തിൽ നിന്ന് 2024 ജൂണിൽ 24.8 ശതമാനമായി.

അതേസമയം, വിദേശ പോർട്ഫോളിയോ നിക്ഷേപമാകട്ടെ 52.3 ശതമാനത്തിൽ നിന്ന് 47.2 ശതമാനമായി കുറഞ്ഞു.

മൂന്നാം പാദ ഫലങ്ങൾ പുറത്തുവന്ന ജനുവരിയിൽ ഓഹരി വിലയിൽ 14 ശതമാനത്തോളം ഇടിവ് നേരിട്ടിരുന്നു. വിദേശ നിക്ഷേപകരുടെ റെക്കോഡ് വില്പനയാണ് അന്ന് ഓഹരി വിലയെ ബാധിച്ചത്. മാർച്ചിനും ജൂൺ അവസാനത്തിനുമിടയിൽ ഓഹരി വില 20 ശതമാനം ഉയർന്ന് 1,794 നിലവാരത്തിലേക്കെത്തുകയും ചെയ്തു.

താഴ്ന്ന മ്യൂല്യം ആകർഷിച്ചതോടൊപ്പം നിഫ്റ്റി, സെൻസെക്സ് ഇൻഡക്സ് ഫണ്ടുകളിലേക്കുള്ള പണമൊഴുക്കുമാണ് എച്ച്ഡിഎഫ്സി ബാങ്കിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ കുതിപ്പുണ്ടാക്കിയത്.

അതേസമയം, നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദ ഫലം പുറത്തുവന്നതിനു ശേഷം ഓഹരി വീണ്ടും സമ്മർദം നേരിട്ടു. ആഗോള ബ്രോക്കിങ് സ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്ക ‘ന്യൂട്രൽ’ ആയി തരംതാഴ്ത്തിയിരുന്നു.

വിഹിതമുയർത്തിയ മറ്റ് കമ്പനികൾ
എച്ച്ഡിഎഫ്സി ബാങ്കിന് പുറമെ, ഇൻഡസ് ടേവഴ്സ്, എംഫസിസ്, വേദാന്ത, ഇൻഫോസിസ്, ടിസിഎസ് എന്നീ ഓഹരികൾ വാങ്ങിക്കൂട്ടാനും മ്യൂച്വൽ ഫണ്ടുകൾ താത്പര്യം പ്രകടിപ്പിച്ചു. രണ്ട് ഐടി കമ്പനികളിലായുള്ള മൊത്തം നിക്ഷേപം 4,870 കോടി രൂപയാണ്.

ഐടി കമ്പനികളുടെ പ്രകടനത്തിൽ മുന്നേറ്റമുണ്ടായേക്കാമെന്ന സൂചനയാണ് ഈ വാങ്ങലിന് പിന്നിൽ. ടിസിഎസിന്റെ ഒന്നാം പാദ ഫലം പ്രതീക്ഷകളെ മറികടന്നതിനെ തുടർന്ന് ഐടി ഓഹരികൾ കഴിഞ്ഞ ദിവസം കുത്തനെ ഉയർന്നിരുന്നു.

ടിസിഎസ് 6.7 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ ഇൻഫോസിസ് 3.25 ശതമാനം ഉയർന്നു.

വിറ്റൊഴിഞ്ഞ് പൊതുമേഖ ഓഹരികൾ
മ്യൂച്വൽ ഫണ്ടുകൾ വിറ്റൊഴിഞ്ഞ ഓഹരികളുടെ പട്ടികയിൽ പൊതുമേഖല കമ്പനികൾക്കായിരുന്നു ‘ആധിപത്യം’. ഭാരത് ഇലക്ട്രോണിക്സ്, പവർ ഫിനാൻസ് കോർപറേഷൻ, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, എസ്ബിഐ എന്നീ ഓഹരികളാണ് മ്യൂച്വൽ ഫണ്ടുകൾ ജൂണിൽ ഏറ്റവും കൂടുതൽ വിറ്റൊഴിഞ്ഞത്.

ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, സീ എന്റർടെയ്ന്മെന്റ് എന്നിവയിലുള്ള നിക്ഷേപത്തിൽ കുറവുവരുത്തിയതായും കാണാം.

സ്മോൾ ക്യാപ് വിഭാഗത്തിൽ ഇസെഡ്എഫ് കൊമേഴ്സ്യൽ വെഹിക്കിൾ, ഗ്ലാൻഡ് ഫാർമ, ക്രാഫ്റ്റ്സ്മാൻ ഓട്ടോമേഷൻ, ഇന്ദ്രപസ്ഥ ഗ്യാസ്, ആസ്റ്റർ ഡിഎം ഹെൽത്ത്, കല്പതരു പ്രോജക്ട്സ് എന്നീ ഓഹരികളിലാണ് കൂടുതൽ വാങ്ങൽ നടന്നത്.

X
Top