സ്‌മോള്‍, മിഡ്‌കാപ് ഓഹരികള്‍ അമിത മൂല്യത്തിലെത്തിയതിനെ തുടര്‍ന്ന് മ്യൂച്വല്‍ ഫണ്ടുകളോട് നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന സെബിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മ്യൂച്വല്‍ ഫണ്ടുകള്‍ സ്‌മോള്‍-മിഡ്‌കാപ് ഫണ്ടുകളിലെ ഒന്നിച്ചുള്ള നിക്ഷേപം നിര്‍ത്തുന്നു.
ഏറ്റവും ഒടുവില്‍ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടാണ് തങ്ങളുടെ സ്‌മോള്‍-മിഡ്‌കാപ് ഫണ്ടുകളിലെ ഒന്നിച്ചുള്ള നിക്ഷേപം മാര്‍ച്ച് 14 മുതല്‍ നിര്‍ത്തുന്നതായി അറിയിച്ചത്.
നേരത്തെ നിപ്പോണ്‍, ടാറ്റ, എസ്‌ബിഐ എന്നീ മ്യൂച്വല്‍ ഫണ്ടുകള്‍ സ്‌മോള്‍കാപ് സ്‌കീമുകളിലെ ഒന്നിച്ചുള്ള നിക്ഷേപം നിര്‍ത്തിയതായി അറിയിച്ചിരുന്നു. സ്‌മോള്‍കാപ് ഓഹരികളുടെ ഉയര്‍ന്ന മൂല്യവും വന്‍തോതിലെത്തുന്ന നിക്ഷേപം കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളിയുമാണ് ഈ നടപടിക്ക് മ്യൂച്വല്‍ ഫണ്ടുകളെ പ്രേരിപ്പിച്ചത്.
അതേ സമയം ഈ വര്‍ഷം ഒരു മിഡ്‌കാപ് ഫണ്ടില്‍ ഒന്നിച്ചുള്ള നിക്ഷേപം നിര്‍ത്തുന്നത് ആദ്യമായി ഐസിസിഐ മ്യൂച്വല്‍ ഫണ്ടാണ്. അതേ സമയം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം തുടര്‍ന്നും നടത്താനാകും.
ഓഹരി വിപണി അമിതമൂല്യത്തിലെത്തുമ്പോള്‍ സ്‌മോള്‍-മിഡ്‌കാപ് ഫണ്ടുകളിലെ ഒന്നിച്ചുള്ള നിക്ഷേപം നിര്‍ത്തുന്ന പ്രവണത മുന്‍കാലങ്ങളിലുമുണ്ടായിട്ടുണ്ട്.
നിലവില്‍ പല സ്‌മോള്‍-മിഡ്‌കാപ് ഫണ്ടുകളും കൈകാര്യം ചെയ്യുന്ന ആസ്‌തി ലാര്‍ജ്‌കാപ് ഫണ്ടുകളുടേതിന് ഏകദേശം തുല്യമാണ്.