Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർ

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള സ്വർണക്കള്ളക്കടത്ത് കുത്തനെ കൂടിയതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ). കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) ആകെ 4,869.6 കിലോഗ്രാമിന്റെ കള്ളക്കടത്ത് സ്വർണമാണ് ഡിആർഐയും കസ്റ്റംസും ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ പിടിച്ചെടുത്തത്.

ഇതിൽ ഡിആർഐ മാത്രം പിടിച്ചത് 1,319 കിലോഗ്രാം. തൊട്ടുമുൻവർഷം പിടിച്ചെടുത്തത് 600 കിലോ മാത്രമായിരുന്നു. പുറമേ, കസ്റ്റംസ് ഉൾപ്പെടെ മറ്റ് ഏജൻസികൾക്ക് വിവരങ്ങൾ കൈമാറിയതു വഴിയും കൂടുതൽ ‘കള്ള’സ്വർണങ്ങൾ പിടിക്കാനായി എന്നും ഡിആർഐ വ്യക്തമാക്കി.

ഇന്ത്യയിലേക്ക് കള്ളക്കടത്ത് സ്വർണമെത്തുന്ന മുഖ്യകേന്ദ്രമായി മ്യാൻമർ അതിർത്തി മാറിയെന്നും ഡിആർഐ പറയുന്നു. കേന്ദ്രസർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചെങ്കിലും സ്വർണക്കള്ളക്കടത്തിന് കുറവില്ലെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് അൽഹോത്ര അഭിപ്രായപ്പെട്ടു.

ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി നിർമല സീതാരാമൻ ഇറക്കുമതി തീരുവ കുറച്ചത്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന മണിപ്പുർ, മിസോറം സംസ്ഥാനങ്ങൾ വഴിയാണ് കള്ളക്കടത്ത് കൂടുതൽ. ബംഗ്ലദേശ് അതിർത്തി വഴിയും സ്വർണക്കള്ളക്കടത്ത് നടക്കുന്നുണ്ട്.

പലവിധ മാർഗങ്ങളിലാണ് കള്ളക്കടത്തുകാർ ഇപ്പോൾ സ്വർണം കടത്തുന്നതെന്ന് ഡിആർഐ ചൂണ്ടിക്കാട്ടുന്നു. മറ്റ് ലോഹങ്ങളുമായി ചേർത്തും മെഷിനറികൾക്കുള്ളിൽ ഘടിപ്പിച്ചും പരിഷ്കാരം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ചുമാണ് കൂടുതലും. വ്യോമമാർഗം കള്ളക്കടത്ത് നടത്തുന്നവരും ഏറെ. മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് വിമാനമാർഗം സ്വർണക്കള്ളക്കടത്ത് കൂടുതൽ.

നയ്റോബി, ആഡിസ് അബാബ, തഷ്കെന്റ് തുടങ്ങിയ നഗരങ്ങളും ഇന്ത്യയിലേക്കുള്ള കള്ളക്കടത്ത് സ്വർണത്തിന്റെ ഹബ്ബായി വളരുകയാണ്. 4,869.6 കിലോഗ്രാം അനധികൃത സ്വർണം കഴിഞ്ഞവർഷം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 1,922 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.
സ്വർണത്തിന് പുറമേ മയക്കുമരുന്ന് കടത്തും വ്യാപകമാണെന്ന് ഡിആർഐ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സാമ്പത്തികവർഷം (2023-24) 975 കോടി രൂപ വിപണിവില വരുന്ന 107.31 കിലോഗ്രാം കൊക്കെയ്ൻ ഡിആർഐ പിടിച്ചെടുത്തിരുന്നു. പുറമേ 365 കോടി രൂപയുടെ 49 കിലോഗ്രാം ഹെറോയിൻ, 275 കോടി രൂപയുടെ 136 കിലോഗ്രാം മെത്താംഫെറ്റമൈൻ, 21 കോടി രൂപയുടെ 7,349 കിലോഗ്രാം കഞ്ചാവ് എന്നിവയും പിടിച്ചു.

178.82 കോടി രൂപ വിലവരുന്ന 9.10 കോടി വിദേശ സിഗററ്റുകളും പിടിച്ചെടുത്തിരുന്നു.

X
Top