
ഡൽഹി: കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള വിഭാഗങ്ങളായ നബിനഗർ പവർ ജനറേറ്റിംഗ് കമ്പനി ലിമിറ്റഡ് കാന്തി ബിജിലി ഉത്പാദൻ നിഗം ലിമിറ്റഡ് എന്നിവയെ കമ്പനിയുമായി ലയിപ്പിച്ചതായി പ്രഖ്യാപിച്ച് പൊതുമേഖലാ സ്ഥാപനമായ എൻടിപിസി.
എൻടിപിസി 2018 ജൂൺ 29 ന് നബിനഗർ പവർ ജനറേറ്റിംഗ് കമ്പനിയുടെ 50 ശതമാനം ഇക്വിറ്റി ഓഹരിയും കാന്തി ബിജിലി ഉത്പാദൻ നിഗത്തിന്റെ 27.36 ശതമാനം ഓഹരികളും ബിഹാർ സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനി ലിമിറ്റഡിൽ നിന്ന് ഏറ്റെടുത്തിരുന്നു. ഈ ഏറ്റെടുക്കലോടെ രണ്ട് സ്ഥാപനങ്ങളും എൻടിപിസിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളായി മാറിയിരുന്നു.
എൻടിപിസിയുടെയും ബീഹാർ സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനി ലിമിറ്റഡിന്റെയും 50:50 സംയുക്ത സംരംഭമായാണ് നബിനഗർ പവർ ജനറേറ്റിംഗ് കമ്പനി (പ്രൈവറ്റ്) ലിമിറ്റഡ് സംയോജിപ്പിച്ചത്. ഇത് ബീഹാറിലെ ഔറംഗബാദ് ജില്ലയിൽ 1,980 മെഗാവാട്ട് ശേഷിയുള്ള നബിനഗർ സൂപ്പർ തെർമൽ പവർ പ്രോജക്റ്റ് പ്രവർത്തിപ്പിക്കുന്നു. അതേസമയം ബിഹാറിലെ കാന്തിയിൽ സ്ഥിതി ചെയ്യുന്ന മുസാഫർപൂർ തെർമൽ പവർ സ്റ്റേഷന്റെ (എംടിപിഎസ്) ഉടമസ്ഥരാണ് കാന്തി ബിജിലി ഉത്പാദൻ നിഗം ലിമിറ്റഡ്.