
ന്യൂഡൽഹി: 2022 സെപ്തംബർ 30ന് അവസാനിച്ച പാദത്തിൽ നാഷണൽ അലുമിനിയം കമ്പനി ലിമിഡിന്റെ (നാൽകോ) ഏകീകൃത ലാഭം 83.2 ശതമാനം ഇടിഞ്ഞ് 125.43 കോടി രൂപയായി കുറഞ്ഞു. മുൻ വർഷം ഇതേ കാലയളവിൽ കമ്പനി 747.80 കോടി രൂപയുടെ ഏകീകൃത ലാഭം രേഖപ്പെടുത്തിയിരുന്നു.
ജൂലൈ-സെപ്റ്റംബർ കാലയളവിൽ കമ്പനിയുടെ ഏകീകൃത വരുമാനം 2021 ഇതേ കാലയളവിലെ 3,634.59 കോടി രൂപയിൽ നിന്ന് 3,558.83 കോടി രൂപയായി കുറഞ്ഞു. വരുമാനം കുറഞ്ഞതും ചിലവ് ഉയർന്നതും ലാഭം ഇടിയാൻ കാരണമായതായി നാൽകോ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത ചെലവ് 3,312.95 കോടി രൂപയായി വർധിച്ചു.
ഒരു നവരത്ന സിപിഎസ്ഇയും രാജ്യത്തെ ഏറ്റവും വലിയ സംയോജിത ബോക്സൈറ്റ്-അലുമിന-അലുമിനിയം-പവർ കോംപ്ലക്സുകളിൽ ഒന്നുമാണ് നാഷണൽ അലുമിനിയം കമ്പനി (നാൽകോ). കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 51.28 ശതമാനവും കേന്ദ്ര സർക്കാരിന്റെ കൈവശമാണ്. ഫല പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി 2.37 ശതമാനത്തിന്റെ നഷ്ടത്തിൽ 74.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.