മുംബൈ: 2021-22 സാമ്പത്തിക വർഷത്തിൽ (FY’22) എക്കാലത്തെയും ഉയർന്ന വിൽപ്പനയായ 14,181 കോടിയും 2,952 കോടി രൂപയുടെ റെക്കോർഡ് ലാഭവും രേഖപ്പെടുത്തി നാഷണൽ അലൂമിനിയം കമ്പനി ലിമിറ്റഡ് (നാൽകോ).
ഒഡീഷ ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനം 4,60,000 ടൺ അലുമിനിയം കാസ്റ്റ് മെറ്റലിന്റെ റെക്കോർഡ് ഉൽപ്പാദനം റിപ്പോർട്ട് ചെയ്തതായും. ഇത് ആരംഭിച്ചതിന് ശേഷം ആദ്യമായി പ്ലാന്റ് 100 ശതമാനം ശേഷി വിനിയോഗം കൈവരിച്ചതായും ഒരു ഉന്നത കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു.
2021-22 സാമ്പത്തിക വർഷം കമ്പനിയുടെ യാത്രയിലെ ചരിത്രപരമായ വർഷമായിരുന്നതായി കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ഷെയർഹോൾഡർമാരെ അഭിസംബോധന ചെയ്തുകൊണ്ട് നാൽകോ സിഎംഡി ശ്രീധർ പത്ര പറഞ്ഞു.
വിവിധ ഉൽപന്നങ്ങളിലെ പണപ്പെരുപ്പ സമ്മർദ്ദം, കൽക്കരി പ്രതിസന്ധി, എൽഎംഇ (ലണ്ടൻ മെറ്റൽ എക്സ്ചേഞ്ച്) വിലയിലെ അനിശ്ചിതത്വം എന്നിവയ്ക്കിടയിലും, ലോകത്തിലെ ഏറ്റവും കുറഞ്ഞ ചെലവിൽ ബോക്‌സൈറ്റും അലുമിനയും ഉൽപ്പാദിപ്പിക്കുന്ന കമ്പനി എന്ന പദവി നിലനിർത്താൻ നാൽകോയ്‌ക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കൂടാതെ ഒരു ഇക്വിറ്റി ഷെയറിന് 1.50 രൂപ എന്ന 130 ശതമാനത്തിന്റെ അന്തിമ ലാഭവിഹിതവും കമ്പനി അംഗീകരിച്ചു.
ഈ കാലയളവിൽ കമ്പനിയുടെ ദമൻജോഡിയിലെ ഖനികളും റിഫൈനറി സമുച്ചയവും എക്കാലത്തെയും ഉയർന്ന ബോക്‌സൈറ്റ് ഉൽപ്പാദനം റിപ്പോർട്ട് ചെയ്തു. ഇത് 75,11,075 മെട്രിക് ടൺ വോളിയം രേഖപ്പെടുത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ ഉത്കൽ-ഡി കൽക്കരി ബ്ലോക്ക് പ്രവർത്തനക്ഷമമാക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി പത്ര പറഞ്ഞു.