കവരത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്വദീപ് സന്ദർശനത്തിന് ശേഷം ലക്ഷ്വദീപ് ടൂറിസം മേഖലയിൽ വൻ സ്വാധീനം ഉണ്ടായെന്ന് ലക്ഷ്വദീപ് ടൂറിസം വകുപ്പ്. സന്ദർശകരുടെ എണ്ണം വർധിച്ചുവെന്ന് ടൂറിസം വകുപ്പ്.
ദ്വീപ് സന്ദർശിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവ് ഉണ്ടായതായി ടൂറിസം ഓഫീസർ ഇംതിയാസ് മുഹമ്മദ് ടി ബി. ലക്ഷദ്വീപിനെ കുറിച്ചുള്ള അന്വേഷണങ്ങളും വലിയ തോതിൽ വർദ്ധിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ദ്വീപിനെക്കുറിച്ച് ചോദിച്ച് കൊണ്ട് വളരെയധികം പേർ വിളിക്കുന്നു എന്നത് തന്നെയാണ് വളരെ വലിയ മാറ്റം. ദേശീയതലത്തിൽ നിന്ന് മാത്രമല്ല, അന്തർദേശീയ ടൂറിസം വിപണിയിൽ നിന്ന് പോലും അന്വേഷണം ലഭിക്കുന്നുണ്ട്.
ലക്ഷദ്വീപിലേക്ക് വളരെ കുറച്ച് എയർലൈനുകൾ മാത്രമേ നിലവിലുള്ളു. കൂടുതൽ വിമാനങ്ങൾ ഉൾപ്പെടെ മേഖലയിലേക്ക് അനുവദിക്കുകയാണെങ്കിൽ, വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവ് ഉണ്ടാകുമെന്നും ഇംതിയാസ് പറയുന്നു.
സാധാരണ നിലയിൽ നിന്ന് കുത്തനെയുള്ള വർദ്ധനവാണ് സഞ്ചാരികളുടെ എണ്ണത്തിലും, ദ്വീപിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിലും ഉണ്ടായിരിക്കുന്നത്. ഭാവിയിലേക്കും ദ്വീപിൽ മികച്ച മാറ്റങ്ങൾ വരുത്താനാണ് ആഗ്രഹിക്കുന്നത്.
കൂടുതൽ ക്രൂയിസ് ഷിപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷദ്വീപ് ഇപ്പോൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.