മുംബൈ: ഫാർമസ്യൂട്ടിക്കൽ വിഭാഗത്തിൽ നിന്നുള്ള ഉയർന്ന വരുമാനത്തെത്തുടർന്ന് ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിൽ നാറ്റ്‌കോ ഫാർമ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 320.4 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനി 75 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തിയതായി നാറ്റ്‌കോ ഫാർമ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
അവലോകന പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 410.3 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 884.6 കോടി രൂപയായി ഉയർന്നു. ഫാർമസ്യൂട്ടിക്കൽ വിഭാഗത്തിലെ വരുമാനം കഴിഞ്ഞ വർഷം ആദ്യ പാദത്തിലെ 409.7 കോടി രൂപയിൽ നിന്ന് 883.6 കോടി രൂപയായി ഉയർന്നു. ഒരു സെറ്റിൽമെന്റ് ഉടമ്പടി പ്രകാരം കമ്പനിയുടെ വിഭാഗമായ നാറ്റ്‌കോ ഫാർമ (കാനഡ) ഇൻകിന് ലഭിച്ച ക്ലെയിമുകളുടെ സെറ്റിൽമെന്റിൽ നിന്നുള്ള വരുമാനം ഉൾപ്പെടെയാണിത്.
കമ്പനിയുടെ അഗ്രോകെമിക്കൽസ് വിഭാഗം റജിസ്റ്റർ ചെയ്ത വരുമാനം ഒരു കോടി രൂപയായി ഉയർന്നു, മുൻ വർഷം ഇതേ പാദത്തിൽ ഇത് 60 ലക്ഷം രൂപയായിരുന്നു. കൂടാതെ ആദ്യ പാദത്തിലെ മൊത്തം ചെലവ് 336.3 കോടി രൂപയിൽ നിന്ന് 533.1 കോടി രൂപയായി വർധിച്ചു.
2022 ജൂൺ 30ന് അവസാനിച്ച പാദത്തിൽ വോളണ്ടറി റിട്ടയർമെന്റ് സ്കീമിന് കീഴിൽ കമ്പനി 29.1 കോടി രൂപ നഷ്ടപരിഹാരം നൽകിയതായി നാറ്റ്കോ അറിയിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ 2 രൂപ മുഖ വിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 3.50 രൂപ വീതം ഇടക്കാല ലാഭവിഹിതം കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകരിച്ചതായി കമ്പനി ഫയലിംഗിൽ പറഞ്ഞു.