Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

രാജ്യാന്തര വിപണിയിൽ റബര്‍ വില ഉയരുന്നു

രാജ്യാന്തര തലത്തില്‍ റബര്‍ വില രണ്ടു മാസത്തിനുശേഷം 200 രൂപ പിന്നിട്ടു. പ്രകൃതിദത്ത റബറിന്റെ മുന്‍നിര ഉത്പാദകരായ തായ്‌ലന്‍ഡിലെ അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനമാണ് ഉത്പാദന മേഖലയ്ക്ക് തിരിച്ചടിയാകുന്നത്.

അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും വിലയില്‍ ഉയര്‍ച്ച കണ്ടുതുടങ്ങിയിട്ടുണ്ട്. നാലാം ഗ്രേഡ് ഷീറ്റ് 180-183 നിരക്കിലാണ് വില്‍പന.

കുറച്ചുനാളുകള്‍ക്കു ശേഷം വില കൂടിയെങ്കിലും കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് കാര്യമായ സന്തോഷത്തിന് വകനല്‍കുന്നതല്ല കാര്യങ്ങള്‍. കനത്ത മഴയെത്തുടര്‍ന്ന് പല തോട്ടങ്ങളിലും ടാപ്പിംഗ് നിലച്ചിട്ടുണ്ട്.

ഇപ്പോഴത്തെ മഴമാറിയാലും കാലവര്‍ഷം ജൂണ്‍ ആദ്യം തന്നെ എത്തുമെന്നതിനാല്‍ ടാപ്പിംഗ് എത്രത്തോളം നടക്കുമെന്ന് കണ്ടറിയണം.

കടുത്ത വേനലില്‍ കേരളത്തിലെ തോട്ടങ്ങളില്‍ ഉത്പാദനം പകുതിയോളം ചുരുങ്ങിയിരുന്നു. ഇതിനൊപ്പം വിലയിലും കുറവു വന്നതോടെ കര്‍ഷകര്‍ നിരാശയിലായിരുന്നു. രാജ്യാന്തര വില ഇനിയും കൂടിയേക്കാവുന്ന നിഗമനങ്ങളാണ് വിപണിയില്‍ നിന്ന് വരുന്നത്.

ബാങ്കോക്ക് വില നിലവില്‍ 205 രൂപയാണ്. രണ്ടു മാസത്തിനകം 220-230 നിരക്കിലേക്ക് വില എത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

തായ്‌ലന്‍ഡില്‍ റബര്‍ ഉത്പാദനത്തില്‍ 8-10 ശതമാനം വരെ കുറവുണ്ടാകുമെന്ന വിലയിരുത്തലുകള്‍ പുറത്തുവരുന്നുണ്ട്. കനത്ത വരള്‍ച്ചയ്ക്കുശേഷം രാജ്യത്തിന്റെ പലഭാഗത്തും മഴ ശക്തമായതും തായ്‌ലന്‍ഡിന്റെ ഉത്പാദനത്തെ ബാധിക്കുന്നുണ്ട്.

ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ കുറയാതെ നില്‍ക്കുന്നതും രാജ്യാന്തര തലത്തില്‍ റബറിന് വരും നാളുകളില്‍ ഗുണം ചെയ്യും.

ഇന്ത്യന്‍ ടയര്‍ നിര്‍മാതാക്കള്‍ ആഭ്യന്തര വിലയിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യാന്തര വില ഉയരുന്നത് ഇവരുടെ ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചു.

രാജ്യാന്തര വിലയില്‍ ഉണ്ടാകുന്ന വര്‍ധനയ്ക്ക് ആനുപാതികമായി ഇന്ത്യയിലും വില കൂടുന്നതാണ് പൊതുപ്രവണത. ഇറക്കുമതി ലാഭകരമല്ലാത്തതിനാല്‍ പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന് റബര്‍ ശേഖരിക്കാന്‍ ടയര്‍ നിര്‍മാതാക്കള്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നതാണ് ഇതിനു കാരണം.

ഇടത്തരം കര്‍ഷകര്‍ കൊവിഡ് മഹാമാരിക്ക് ശേഷം റബര്‍ ഷീറ്റാക്കി മാറ്റുന്നത് കുറച്ചിട്ടുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. റബര്‍ പാലായി തന്നെ വാങ്ങാന്‍ കൂടുതല്‍ കമ്പനികള്‍ രംഗത്തു വന്നതാണ് ഇതിനു കാരണം.

കൊവിഡ് കാലത്ത് കൈയുറകള്‍ക്കും മറ്റ് ആശുപത്രി ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനുമായി റബര്‍ പാലിന് വലിയതോതില്‍ ആവശ്യകത വന്നിരുന്നു.

റബര്‍ പാല്‍ സംഭരിച്ചു വില്‍ക്കാന്‍ തുടങ്ങിയ കര്‍ഷകര്‍ കൊവിഡ് മാറിയശേഷവും ഈ രീതി തുടരുകയാണ്. ഷീറ്റാക്കി മാറ്റുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ അധ്വാനം പാതിയായി കുറഞ്ഞു.

തോട്ടങ്ങളിലെത്തി പാല്‍ ശേഖരിക്കുന്ന കമ്പനികള്‍ നാട്ടിന്‍പുറങ്ങളില്‍ ഉള്‍പ്പെടെ സജീവമായതും ശൈലിമാറ്റത്തിന് വഴിയൊരുക്കി.

ഷീറ്റായിട്ട് വില്‍ക്കുന്നതുമായി തട്ടിച്ചു നോക്കുമ്പോള്‍ പണം കൈയിലെത്താന്‍ 20 ദിവസം വരെ കാലതാമസം വരുമെന്നതാണ് പാല്‍ വില്‍പനയിലെ ഒരേയൊരു പ്രതിസന്ധി.

X
Top