മുംബൈ: രണ്ട് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ഓർഡറുകൾ ലഭിച്ചതായി അറിയിച്ച് എൻബിസിസി ഇന്ത്യ ലിമിറ്റഡ്. 313.93 കോടി രൂപയാണ് നിർദിഷ്ട ഓർഡറുകളുടെ മൂല്യം.
നാഷണൽ ഹെൽത്ത് മിഷൻ ഒഡീഷ, എൻഎൽസി ഇന്ത്യ ലിമിറ്റഡ് എന്നിവിടങ്ങളിൽ നിന്നാണ് കമ്പനിക്ക് ഓർഡറുകൾ ലഭിച്ചത്. അതിൽ ഒഡീഷയിലെ നാഷണൽ ഹെൽത്ത് മിഷന്റെ ഡയറക്ടറേറ്റിൽ നിന്നുള്ള ഓർഡർ 238.93 കോടി രൂപയുടേതാണെന്നും, ഇത് എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) അടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്നും കമ്പനി അറിയിച്ചു.
രണ്ടാമത്തെ ഓർഡർ കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എൻസിഎൽ ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ളതാണെന്നും ഇതിന്റെ മൂല്യം ഏകദേശം 75 കോടി രൂപയാണെന്നും എൻബിസിസി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ഒഡീഷയിലെ എൻഎച്ച്എം ഡയറക്ടറേറ്റിൽ നിന്നുള്ള ഓർഡറിൽ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (PHC), കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ (CHC), ജില്ലാ ഹെഡ്ക്വാർട്ടർ ഹോസ്പിറ്റലുകൾ (DHH), ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബുകൾ, സെൻട്രൽ അണുവിമുക്ത സേവനം എന്നിവയുടെ നിർമ്മാണവും നവീകരണ പ്രവർത്തനങ്ങളും ഉൾപ്പെടുന്നു.
സിവിൽ കൺസ്ട്രക്ഷൻ പ്രോജക്ടുകൾക്കായുള്ള പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി സേവനങ്ങൾ, ഊർജ്ജ മേഖലയ്ക്കുള്ള സിവിൽ ഇൻഫ്രാസ്ട്രക്ചർ, റിയൽ എസ്റ്റേറ്റ് വികസനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് നാഷണൽ ബിൽഡിംഗ്സ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡ്.