Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ബാങ്കുകളേക്കാള്‍ നിക്ഷേപം സമാഹരിച്ച്‌ എൻബിഎഫ്സികള്‍

മുംബൈ: ബാങ്കുകളെ അപേക്ഷിച്ച്‌ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ വൻതോതില്‍ നിക്ഷേപം സമാഹരിക്കുന്നു. 2024 മാർച്ചില്‍ അവസാനിച്ച സാമ്പത്തിക വർഷത്തില്‍ മുൻ വർഷത്തേക്കാള്‍ 21 ശതമാനം കൂടുതല്‍ നിക്ഷേപം എൻ.ബി.എഫ്.സികള്‍ നേടി.

ബാങ്കുകളിലെ നിക്ഷേപ വർധനവാകട്ടെ 13.5 ശതമാനത്തിലൊതുങ്ങുകയും ചെയ്തു.
പലിശ കൂടുതല്‍ നല്‍കി നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞതാണ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നേട്ടമായത്.

ബജാജ് ഫിനാൻസ്, ശ്രീറാം ഫിനാൻസ് എന്നിവ ബാങ്കുകളേക്കാള്‍ 1.50 ശതമാനം വരെ അധിക പലിശയാണ് സ്ഥിര നിക്ഷേപത്തിന് നല്‍കുന്നത്. ഇന്ത്യബുള്‍സ് ഹൗസിങ്, നിഡോ ഹോം ഫിനാൻസ് പോലുള്ള സ്ഥാപനങ്ങള്‍ ഇതിലും ഉയർന്ന പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

വൻകിട ബാങ്കുകളാകട്ടെ ഒരു വർഷക്കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആറ് മുതല്‍ ഏഴേകാല്‍ ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

2024 സാമ്പത്തിക വർഷത്തില്‍ ബജാജ് ഫിനാൻസ് 35 ശതമാനം വാർഷിക നിക്ഷേപ വളർച്ച നേടി. 65,151 കോടി രൂപയാണ് മൊത്തം നിക്ഷേപം. 23 ശതമാനം വർധിച്ച്‌ ശ്രീറാം ഫിനാൻസിന്റെ മൊത്തം നിക്ഷേപം 44,444 കോടിയിലെത്തി.

മാർച്ച്‌ അവസാനം വരെയുള്ള കണക്കു പ്രകാരം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ മൊത്തം നിക്ഷേപം 1.03 ലക്ഷം കോടിയായി. 20.8 ശതമാനമാണ് വാർഷിക വർധന. കഴിഞ്ഞ രണ്ട് വർഷങ്ങളിലും തുടർച്ചയായി സമാനമായ വർധന എൻബിഎഫ്സികള്‍ക്ക് നേടാനായി.

അതേസമയം 9.6 ശതമാനം വളർച്ച മാത്രമാണ് 2023 സാമ്പത്തിക വർഷം ബാങ്കുകള്‍ക്ക് നേടാനായത്.

സ്ഥിര നിക്ഷേപം സ്വീകരിക്കുന്നതിന് ബാങ്കുകള്‍ക്കുള്ളതുപോലെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ആർബിഐയുടെ കർശന നിയന്ത്രണങ്ങളില്ല. അതുകൊണ്ടുതന്നെ നിക്ഷേപം സമാഹരിക്കുന്നതില്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോട് റിസർവ് ബാങ്കിന് അതൃപ്തിയുമുണ്ട്.

നിക്ഷേപം സ്വീകരിക്കാൻ അനുവാദമുള്ള എൻബിഎഫ്സികളുടെ എണ്ണം 2024 സാമ്പത്തിക വർഷത്തില്‍ 34ല്‍നിന്ന് 25 ആയി കുറയ്ക്കുകയും ചെയ്തിരുന്നു. പത്തു വർഷം മുമ്പുവരെ 240 സ്ഥാപനങ്ങള്‍ക്കാണ് അനുമതിയുണ്ടായിരുന്നത്.

ബാങ്കിതര ധനകാര്യ സ്ഥാനങ്ങളുടെമേല്‍ കൂടുതല്‍ നിയന്ത്രണം ആർബിഐ സമീപ വർഷങ്ങളില്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും ബാങ്കുകളുടേതിന് സമാനമല്ല. ‘ട്രിപ്പിള്‍ ബി’ യെങ്കിലും റേറ്റിങ് ഉണ്ടെങ്കില്‍ എൻ.ബി.എഫ്.സികള്‍ക്ക് നിക്ഷേപം സ്വീകരിക്കാൻ കഴിയും.

12 മാസം മുതല്‍ 60 മാസം വരെയുള്ള കാലയളവിലെ നിക്ഷേപത്തിനാണ് അനുമതി. ബാങ്കുകളിലുള്ളതു പോലെ കറന്റ്, സേവിങ്സ് അക്കൗണ്ട് സൗകര്യങ്ങള്‍ നല്‍കാൻ അനുവാദവുമില്ല.

X
Top