
മുംബൈ: കഴിഞ്ഞ മൂന്ന് വർഷത്തിൽ കുറഞ്ഞ വളർച്ച നിരക്ക് രേഖപ്പെടുത്തിയ ശേഷം എൻബിഎഫ്സികൾ തിരിച്ചു വരുവിൻ റ്റെ പാതയിലാണ്. 2022 -23ൽ ആസ്തിയിൽ (assets under management) 11-12 % വാർഷിക വളർച്ച കൈവരിക്കും. മൊത്തം ആസ്തി 13 ലക്ഷം കോടി രൂപയായി ഉയരുമെന്ന് ക്രിസിൽ റേറ്റിംഗ്‌സ് കരുതുന്നു.
കോവിഡ് വ്യാപനവും ലോക്ക് ഡൗണും മൂലം ആസ്തിയിൽ വളർച്ച 2019-20, 2020 20-21ൽ 2 -4 ശതമാനത്തിലേക്ക് താഴ്ന്നു. തുടർന്ന് 2021-22ൽ 5% വർധിച്ചു.
എൻ ബി എഫ് സികൾ സ്വർണ വായ്‌പകൾ, വാഹന വായ്‌പകൾ, ഭവന വായ്പകൾ, മൈക്രോ ഫിനാൻസ്, ചെറുകിട വ്യവസായങ്ങൾക്ക് വായ്‌പകൾ എന്നിവ യാണ് ഉപഭോക്താക്കൾക്ക് നൽകി വരുന്നത്. മൊത്തം ആസ്തിയുടെ 46 മുതൽ 50 % വരെ വാഹന വായ്‌പകളാണ്. വാഹന വായ്‌പകൾ 11 -13 % വരെ വർധിക്കുമെന്ന് കരുതുന്നു.
വാണിജ്യ വാഹന ഡിമാൻഡും, പാസഞ്ചർ വാഹനങ്ങളുടെ ഡിമാൻഡും വർധിക്കുന്നതിനാൽ വാഹന വായ്‌പയിൽ മികച്ച വളർച്ച നേടാൻ എൻബിഎഫ്സികൾക്ക് സാധിക്കും.
കേരളത്തിലെ രണ്ട് പ്രമുഖ എൻ ബി എഫ് സി കളായ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം എന്നിവയുടെ പ്രധാന ബിസിനസ് സ്വർണ വായ്പകളാണ്. മണപ്പുറം ഫിനാൻസ് 2022 -23 ആദ്യ പാദത്തിൽ സ്വർണ വായ്‌പയിൽ 23.6 % വർധനവ് രേഖപ്പെടുത്തി 20.471 കോടി രൂപയായി. മുത്തൂറ്റ് ഫിനാൻസ് സ്വർണ വായ്പകളിൽ 8 % വർധനവ് രേഖപ്പെടുത്തി 56766 കോടി രൂപയായി. എൻബിഎഫ്സി കളുടെ സ്വർണ വായ്‌പ ആസ്തി 10 മുതൽ 12 % വരെ നടപ്പ് സാമ്പത്തിക വർഷം ഉയരുമെന്ന് ക്രിസിൽ റേറ്റിംഗ്‌സ് കരുതുന്നു.
വസ്തുവിന്മേൽ വായ്പ പ്രധാനമായും ചെറുകിട വ്യവസായങ്ങൾക്കാണ് നൽകുന്നത്. ഈ വിഭാഗത്തിലും 10-12 % വളർച്ച കൈവരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സമ്പദ്ഘടന 7.3 % വളർച്ച കൈവരിക്കുമെന്നതിനാൽ ഉൽപ്പന്ന ഉപഭോഗം വർധിക്കും. വ്യക്തിഗത വായ്‌പകളും, കൺസ്യൂമർ വ്യാപകളിലും ഇതു മൂലം വർധനവ് ഉണ്ടാകും. സുരക്ഷിതമല്ലാത്ത ഇത്തരം വായ്പകൾക്ക് നിരക്കും കൂടുതലാണ്.
ബാങ്കുകൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് കടുത്ത മത്സരം എൻ ബി എഫ് സി കൾ നേരിടുന്നുണ്ട്. പണപ്പെരുപ്പവും, പലിശ നിരക്ക് വർധനവും എൻ ബി എഫ് സി ബിസിനസുകളെ ബാധിച്ചേക്കാം.