മുംബൈ: കിഷോർ ബിയാനി ഗ്രൂപ്പ് കമ്പനിയായ ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിനെതിരെ പാപ്പരത്വ നടപടികൾ ആരംഭിക്കാൻ എൻസിഎൽടിയുടെ മുംബൈ ബെഞ്ച് അനുമതി നൽകി. ഈ വർഷം ഏപ്രിലിൽ, വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയ എഫ്ആർഎലിനെതിരെ പാപ്പരത്വ പരിഹാര നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രിബ്യുണൽ കമ്പനിയുടെ ഇടക്കാല റെസലൂഷൻ പ്രൊഫഷണലായി (ഐആർപി) വിജയ് കുമാർ അയ്യരെ നിയമിച്ചു. കൂടാതെ, ഇതിനെതിരെ ആമസോൺ നൽകിയ ഇടപെടൽ ഹർജിയും എൻസിഎൽടി തള്ളി. 2020 ഒക്ടോബറിലെ സിംഗപ്പൂർ എമർജൻസി ആർബിട്രേറ്ററുടെ അവാർഡിനെ എഫ്ആർഎൽ മാനിച്ചില്ലെന്നും, അവാർഡ് ലംഘിച്ച് വായ്പ നൽകുന്നവർക്ക് എഫ്ആർഎല്ലുമായി ഒരു ചട്ടക്കൂട് കരാറിൽ ഏർപ്പെടാൻ കഴിയില്ലെന്നും ആമസോൺ വാദിച്ചിരുന്നു.
എഫ്ആർഎൽ കരാർ ലംഘിച്ചുവെന്നാരോപിച്ച് ആമസോൺ സിംഗപ്പൂരിലെ എമർജൻസി ആർബിട്രേറ്ററെ സമീപിച്ചിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾക്കും ഇൻസോൾവൻസി ആൻഡ് പാപ്പരത്ത കോഡിലെ (ഐബിസി) വ്യവസ്ഥകൾക്കും അനുസൃതമായതിനാൽ എഫ്‌ആർഎല്ലിനെതിരായ വായ്പാ ദാതാവിന്റെ ഹർജിക്ക് ആമസോണുമായി യാതൊരു ബന്ധവുമില്ലെന്ന് ബാങ്ക് ഓഫ് ഇന്ത്യ വാദിച്ചു. ആമസോണുമായി നടന്നുകൊണ്ടിരിക്കുന്ന വ്യവഹാരങ്ങൾക്കും മറ്റ് അനുബന്ധ പ്രശ്‌നങ്ങൾക്കും ഇടയിൽ എഫ്ആർഎൽ അതിന്റെ വായ്പക്കാർക്ക് 5,322.32 കോടി രൂപ നൽകുന്നതിൽ വീഴ്ച വരുത്തി. എഫ്ആർഎൽന്റെ പ്രധാന വായ്പക്കാരനാണ് ബാങ്ക് ഓഫ് ഇന്ത്യ.