കൊച്ചി: രാജ്യത്തെ മുൻനിര വൈദ്യുതി കമ്പനിയായ ജി.വി.കെ പവർ ആൻഡ് ഇൻഫ്രാസ്ട്രക്‌ചറിനെ നാഷണൽ കമ്പനി ലാ ട്രൈബ്യൂണലിന്റെ(എൻ.സി.എൽ.ടി) ഹൈദരബാദ് ബെഞ്ച് പാപ്പരായി പ്രഖ്യാപിച്ചു.
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് പത്ത് വർഷം മുൻപ് എടുത്ത 18,000 കോടി രൂപയുടെ വായ്‌പ കിട്ടാക്കടമായതിനെ തുടർന്നാണ് എൻ.സി.എൽ.ടിയെ സമീപിച്ചത്.
വായ്പ തുകയും പലിശയുമടക്കം തിരിച്ചുപിടിക്കുന്നതിനായി ജി.വി.കെ പവറിനെതിരെ ആസ്തിവിറ്റഴിക്കൽ നടപടികൾ ആരംഭിക്കുന്നതിനും കോടതി അനുമതി നൽകി. ജി.വി.കെ ഗ്രൂപ്പിന്റെ ഫ്ളാഗ്‌ഷിപ്പ് കമ്പനിയാണ് ജി.വി.കെ പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.
ജി.വി.കെ കോൾ (സിംഗപ്പൂർ) പി.ടി.ഇ ലിമിറ്റഡിനായി ജി.വി.കെ പവറിന്റെ ജാമ്യത്തിലാണ് വായ്പ നേടിയത്.
2011ൽ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ദുബായ്, സിംഗപ്പൂർ, ബഹ്‌റിൻ ശാഖകകളും ബാങ്ക് ഒഫ് ബറോഡയുടെ റാസ് അൽ ഖൈമ ശാഖയും ബാങ്ക് ഒഫ് ഇന്ത്യയുടെ ലണ്ടൻ, സിംഗപ്പൂർ ശാഖകളും ചേർന്നാണ് വായ്പ അനുവദിച്ചത്.