- ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ എസ്എഫ്ഒ ടെക്നോളജീസിന്റെ ഐപിഒ 2 വർഷത്തിനകം
കൊച്ചി: കേരളം ആസ്ഥാനമായ നെസ്റ്റ് ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ എസ്എഫ്ഒ ടെക്‌നോളജീസ് 2 വർഷത്തിനുള്ളിൽ ഓഹരി വിപണി പ്രവേശനത്തിനൊരുങ്ങുന്നു. കേരളത്തിൽ നിന്നുള്ള മുൻനിര ടെക്നോളജി കമ്പനിയായി.
മൂന്ന് പതിറ്റാണ്ട് മുൻപ് പ്രവർത്തനമാരംഭിച്ച നെസ്റ്റ് ഗ്രൂപ്പിന് ആഗോള തലത്തിൽ 25 കേന്ദ്രങ്ങളിലായി 12000 ജീവനക്കാരുണ്ട്. കമ്പ്യൂട്ടർ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ സർവീസസ്, വിദ്യാഭ്യാസം, റീട്ടെയിൽ, ഫുഡ് ആൻഡ് ബിവറേജസ് എന്നിങ്ങനെ വിവിധ മേഖലകളിൽ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. സ്വകാര്യ മേഖലയിൽ രാജ്യത്തെ ആദ്യ പ്രത്യേക സാമ്പത്തിക മേഖലയും (SEZ) നെസ്റ്റ് ഗ്രൂപ്പിന്റേതാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഹാർഡ്‌വെയർ കയറ്റുമതിക്കാരിൽ ഒന്നായി എസ്എഫ്ഒ ടെക്‌നോളജീസ് മാറിക്കഴിഞ്ഞതായി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ പറഞ്ഞു.
കമ്പനിയുടെ പ്രധാന വിപുലീകരണ പദ്ധതികൾക്കായാണ് ഐപിഒ വഴിയുള്ള ധനസമാഹരണത്തിലൂടെ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ 60-ലധികം ഒഇഎം ഉപഭോക്താക്കളും 56 രാജ്യങ്ങളിലേക്ക് കയറ്റുമതിയും കമ്പനിക്കുണ്ട്.
ലോകമെമ്പാടുമുള്ള പ്രമുഖ ഒഇഎമ്മുകൾക്കിടയിൽ ഒരു മുൻ നിര ‘കേരള ബ്രാൻഡ്’ സാധ്യമാക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം വ്യവസായ സൗഹൃദമല്ലെന്ന മിഥ്യാധാരണ മറികടക്കാൻ ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട് കഴിഞ്ഞിട്ടുണ്ട്. 30 വർഷമായി തങ്ങൾക്ക് തൊഴിൽ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും ജഹാംഗീർ പറഞ്ഞു.
സ്ത്രീശാക്തീകരണത്തിന്റെയും ലിംഗസമത്വത്തിന്റെയും പ്രതിഫലനമായി 35-40% വനിതാ ജീവനക്കാർ കേരളത്തിലെ വിവിധ പ്ലാന്റുകളിലും വികസന കേന്ദ്രങ്ങളിലും ജോലി ചെയ്യുന്നു. നിർണായക അസൈൻമെന്റുകൾ ഉൾപ്പെടെ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ പ്രവർത്തനങ്ങളിലും മാനേജ്‌മെന്റ് മേഖലയിലും സ്ത്രീകൾ മികവ് പുലർത്തുന്നു.
ആകെ ജീവനക്കാരിൽ 20 ശതമാനത്തിലധികം ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ ആയിട്ടുള്ള കമ്പനിയിൽ ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് കഴിഞ്ഞ 10 വർഷത്തിനിടയിൽ 3% മാത്രമാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം 2,500 കോടി രൂപയുടെ വിറ്റുവരവ് നേടിയ എസ്എഫ്ഒ ടെക്‌നോളജീസ്, വർഷം തോറും 12% വളർച്ചയുടെ പാതയിലാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 800 കോടി രൂപ, വലിയ വിപുലീകരണ പദ്ധതികൾക്കായി കമ്പനി നിക്ഷേപിച്ചിട്ടുണ്ട്.
ഷീറ്റ് മെറ്റൽ ഫാബ്രിക്കേഷൻ, പ്ലാസ്റ്റിക് ഇഞ്ചക്ഷൻ മോൾഡിംഗ്, കേബിൾ, വയർ-ഹാർനെസ്, റിലേകൾ, ട്രാൻസ്ഫോർമറുകൾ, ഫൈബർ ഒപ്റ്റിക്‌സ്, പിസിബി അസംബ്ലികൾ, ഉയർന്ന തലത്തിലുള്ള അസംബ്ലികൾ, ടെസ്റ്റ് ഉപകരണങ്ങൾ, ഫിക്‌ചറുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഡിസൈൻ, മാനുഫാക്ചറിംഗ് സേവനങ്ങൾ ഗ്രൂപ്പ് നൽകുന്നു.
ഐഎസ്ആർഒയുടെ ചന്ദ്രയാൻ, ആദിത്യ ദൗത്യങ്ങളിലും നിർണായക സംഭാവനകൾ നൽകാൻ എസ്എഫ്ഒ ടെക്നോളജീസിന് കഴിഞ്ഞു. കോവിഡ് -19 കാലഘട്ടത്തിൽ സ്മാർട് ഐസിയുവും നവജാത വെന്റിലേറ്ററും വികസിപ്പിച്ചെടുത്തു.
ഇന്ത്യൻ ഡിഫൻസിന്റെയും ഇന്ത്യൻ റെയിൽവേയുടെയും പ്രധാന ഓഫ്‌സെറ്റ് പങ്കാളി കൂടിയാണ് കമ്പനി. അൾട്രാസൗണ്ട് സ്‌കാനർ, എക്‌സ്‌റേ, സിടി സ്‌കാനർ, എംആർഐ സ്‌കാനർ, കാൻസർ ചികിത്സാ ഉപകരണങ്ങൾ, ആരോഗ്യ സംരക്ഷണ മേഖലയ്‌ക്കുള്ള സങ്കീർണ്ണമായ പിസിബി അസംബ്ലികൾ, എയ്‌റോസ്‌പേസ്/ഡിഫൻസ് എന്നിവയ്‌ക്കായുള്ള സംയോജിത ഉപകരണങ്ങൾ, മിഷൻ ക്രിട്ടിക്കൽ ആപ്ലിക്കേഷനുകൾക്കുള്ള കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ തുടങ്ങിയ ഉപകരണങ്ങൾ കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു.
ന്യൂയോർക്ക് മെട്രോയ്ക്കുള്ള വോൾട്ടേജ് പാനലുകൾ, മെട്രോ റെയിൽവേ ഫെയർ കളക്ഷൻ ഗേറ്റുകൾ, എനർജി മീറ്ററുകൾ, റീചാർജ് കാർഡുകൾ, ടിക്കറ്റ് വെൻഡിംഗ് – ക്യാഷ് കൗണ്ടിംഗ് മെഷീനുകൾ, ഇന്ത്യൻ പ്രതിരോധ മേഖലയ്‌ക്കായി ഫൈബർ ഒപ്‌റ്റിക്‌സ് ഇൻട്രൂഷൻ പ്രൊട്ടക്ഷൻ സംവിധാനം, ആന്റി ഡ്രോൺ ആപ്ലിക്കേഷനുകൾക്ക് ആവശ്യമായ 2/3KW ഫൈബർ ലേസറുകൾ എന്നിവയും കമ്പനി വികസിപ്പിച്ചിട്ടുണ്ട്.
കമ്പനിയുടെ വിവിധ പ്ലാന്റുകളിലുടനീളം ഇൻഡസ്ട്രി 4.0ന് അനുയോജ്യമായ അതിനൂതന സംവിധാനങ്ങൾ യാഥാർത്ഥ്യമാക്കുമെന്ന് സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അൽത്താഫ് ജഹാംഗീർ പറഞ്ഞു.
ഇ-മൊബിലിറ്റി, നെക്സ്റ്റ് ജനറേഷൻ പേയ്‌മെന്റ് സൊല്യൂഷൻസ്, എഞ്ചിനീയറിംഗ് ട്രാൻസ്‌ഫോർമേഷൻ, എഐ/എംഎൽ ടൂളുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന സെക്ടറുകളിലെ പ്രോജക്ടുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളതായി ഗ്രൂപ്പിൻെറ സോഫ്റ്റ്‌വെയർ ഭാഗമായ നെസ്റ്റ് ഡിജിറ്റൽ സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നസ്‌നീൻ ജഹാംഗീർ പറഞ്ഞു.
ബാംഗ്ലൂർ-മൈസൂർ വ്യവസായ ഇടനാഴിയിൽ സ്വന്തമായി ടെക്‌നോളജി പാർക്ക് സ്ഥാപിക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ടെന്നും സിഎംഡി ഡോ. എൻ. ജഹാംഗീർ വ്യക്തമാക്കി.
രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളുമായും എഞ്ചിനീയറിംഗ് കോളേജുകളുമായുള്ള പങ്കാളിത്തത്തിലൂടെ എല്ലാ വർഷവും പുതിയ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് ഒട്ടേറെ തൊഴിലവസരങ്ങൾ കമ്പനി ലഭ്യമാക്കുന്നുണ്ട്.
സമീപഭാവിയിൽ കേരളത്തിലെയും തമിഴ്‌നാട്ടിലെയും രണ്ടാംനിര നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്.