2022ല്‍ ഓഹരി സൂചികകളായ നിഫ്‌റ്റിയും സെന്‍സെക്‌സും നേട്ടമാണ് രേഖപ്പെടുത്തിയതെങ്കിലും ന്യൂ ഏജ് ടെക്‌നോളജി കമ്പനികളുടെ ഓഹരികളിലുണ്ടായത് വന്‍തകര്‍ച്ചയാണ്. 2022ല്‍ ടെക്‌നോളജി കമ്പനികളുടെ വിപണിമൂല്യത്തിലുണ്ടായ ചോര്‍ച്ച രണ്ട് ലക്ഷം കോടി രൂപയാണ്.
പേടിഎം, സൊമാറ്റോ, നൈക, പിബി ഫിന്‍ടെക്, ഡെല്‍ഹിവറി തുടങ്ങിയ ന്യൂ ഏജ് കമ്പനികള്‍ 2022ല്‍ 39 ശതമാനം മുതല്‍ 60 ശതമാനം വരെയാണ് ഇടിവ് നേരിട്ടത്.
ഈ വര്‍ഷം വിപണിമൂല്യത്തില്‍ ഏറ്റവും കനത്ത ചോര്‍ച്ച നേരിട്ടത് ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മാണ്. ഓഹരി വില 60 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്ന് പേടിഎമ്മിന്റെ വിപണിമല്യം 34,737 കോടി രൂപയായി കുറഞ്ഞു.
നൈക ഓഹരി വിലയില്‍ 57 ശതമാനം ഇടിവാണ് നേരിട്ടത്. നൈകയുടെ ഇപ്പോഴത്തെ വിപണിമൂല്യം 42,969 കോടി രൂപയാണ്. ഓഹരി വില 56 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്ന് സൊമാറ്റോയുടെ വിപണിമൂല്യം 51,482 കോടി രൂപയായി കുറഞ്ഞു.
ഈ വര്‍ഷം പിബി ഫിന്‍ടെക് 52 ശതമാനവും ഡെല്‍ഹിവെറി 39 ശതമാനവും തിരുത്തലിന് വിധേയമായി. ഈ കമ്പനികളുടെ നിലവിലുള്ള വിപണിമൂല്യം യഥാക്രമം 20,696 കോടി രൂപയും 23,970 കോടി രൂപയുമാണ്. വളരെ ചെലവേറിയ നിലയിലായിരുന്നിട്ടും ഈ ന്യൂ ഏജ് കമ്പനികളുടെ ഐപിഒകള്‍ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരുടെ ഭാഗത്തു നിന്ന് ലഭിച്ചിരുന്നത്.
ഈ കമ്പനികളുടെ ലാഭക്ഷമതയെ കുറിച്ച് ഉയര്‍ന്ന സംശയങ്ങളും ആഗോള തലത്തില്‍ ടെക്‌നോളജി ഓഹരികളിലുണ്ടായ കനത്ത തകര്‍ച്ചയും തിരുത്തലിന് ആക്കം കൂട്ടി.
ടെക്‌നോളജി കമ്പനികളുടെ മത്സരം കൂടിയതോടെ അവയുടെ വരുമാനവും കുറയുന്നു. മത്സരം ശക്തമാകുമ്പോള്‍ സമാന മേഖലയിലെ കമ്പനികളുടെ പ്രവര്‍ത്തനക്ഷമതയിലെ അന്തരം വെളിപ്പെടുന്നു.
പ്രവര്‍ത്തനക്ഷമതയുടെ അടിസ്ഥാനത്തില്‍ ഇവ തമ്മില്‍ താരതമ്യം ചെയ്യാനുള്ള അവസരവും കൈവരുന്നു. ഈ സാഹചര്യത്തില്‍ ഏറ്റവും മികച്ച കമ്പനികള്‍ മാത്രമേ അതിജീവിക്കാന്‍ സാധ്യതയുള്ളൂ.