
2023 ജൂലൈ 1 മുതൽ പുതിയ വിസ നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 8 വർഷം വരെ വിസയില്ലാതെ രാജ്യത്ത് ജോലി ചെയ്യാനുള്ള അവസരം നൽകി ഓസ്‌ട്രേലിയ. ഇതിനു പുറമെ വിദ്യാർത്ഥികളുടെ ജോലി സമയം രണ്ടാഴ്ചയിൽ 48 മണിക്കൂറായി ഉയർത്തി. തൊഴിൽ വിസയും രണ്ട് വർഷത്തേക്ക് നീട്ടിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്കും അക്കാദമിക് ഗവേഷകർക്കും ബിസിനസുകാർക്കും അവസരങ്ങൾ തുറക്കുന്നതിനായി ഇന്ത്യയും ഓസ്‌ട്രേലിയയും കഴിഞ്ഞ മാസം പുതിയ കരാർ ഒപ്പുവച്ചിരുന്നു.
ഇതു പ്രകാരം, മൊബിലിറ്റി അറേഞ്ച്മെന്റ് ഫോർ ടാലന്റഡ് ഏർലി-പ്രൊഫഷണൽസ് സ്കീമിന് (METS) കീഴിൽ, ഓസ്‌ട്രേലിയ പ്രതിവർഷം ഇന്ത്യയിൽ നിന്നുള്ള 3000 യുവ പ്രൊഫഷണലുകൾക്ക് പരമാവധി എട്ട് വർഷത്തേക്ക് ഓസ്‌ട്രേലിയയിൽ വിസയില്ലാതെ ജോലി ചെയ്യാനുള്ള ഓപ്ഷൻ നൽകും. കൂടാതെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ സ്പോൺസറില്ലാതെ ഓസ്‌ട്രേലിയയിൽ രണ്ട് വർഷം ചെലവഴിക്കാം.
എഞ്ചിനീയറിംഗ്, മൈനിംഗ്, ഫിനാൻഷ്യൽ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി, അഗ്രികൾച്ചറൽ ടെക്‌നോളജി, റിന്യൂവബിൾ എനർജി തുടങ്ങിയ മേഖലകളിൽ ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാൻ ബിരുദധാരികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു താൽക്കാലിക വിസ പ്രോഗ്രാമാണ് മൊബിലിറ്റി അറേഞ്ച്മെന്റ് ഫോർ ടാലന്റഡ് ഏർലി-പ്രൊഫഷണൽസ് സ്കീമിന്റേത്.
വിസ പ്രോഗ്രാമിന് യോഗ്യത നേടുന്നതിന് അപേക്ഷകർ 31 വയസ്സിന് താഴെയായിരിക്കണം. അപേക്ഷകർ ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം നേടിയിരിക്കുകയും കൂടാതെ അവരുടെ കരിയറിന്റെ പ്രാരംഭ ഘട്ടത്തിലായിരിക്കുകയും വേണം.
രാജ്യത്തേക്കുള്ള ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ഒഴുക്ക് ത്വരിതപ്പെടുത്തുന്ന തരത്തിൽ തങ്ങളുടെ ഇമിഗ്രേഷൻ സംവിധാനം പരിഷ്കരിക്കുകയാണ് പുതിയ നീക്കത്തിലൂടെ ഓസ്ട്രേലിയ ഉദ്ദേശിക്കുന്നത്.
വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകർഷിക്കാൻ, ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്കുള്ള വിസ നടപടികൾ വേഗത്തിലും എളുപ്പത്തിലും ആക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.