വെറുമൊരു ടെക്്‌സ്‌റ്റൈൽ കമ്പനിയിൽ നിന്നു റിലയൻസ് ഇൻഡസ്ട്രീസ് ഇന്നത്തെ നിലയിലേയ്ക്ക് വളർന്നിട്ടുണ്ടെങ്കിൽ അതിനു കാരണം മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള കമ്പനി മനേജ്‌മെന്റിന്റെ ദൃഢനിശ്ചയമാണ്.
ദിനംപ്രതി പോർട്ട്‌ഫോളിയോ ശക്തമാക്കുന്ന തിരക്കിലാണ് മുകേഷ് അംബാനി എന്ന റിലയൻസിന്റെ കപ്പിത്താൻ. ഡിസ്‌നിയുടെ ഇന്ത്യൻ ബിസിനസ് ഏറ്റെടുത്ത് ടിവി, ഒടിടി വിപണികയുടെ 40 ശതമാനത്തോളം കൈപ്പിടിയിലൊതുക്കാനുള്ള ലാസ്റ്റ് ലാപ്പിലാണ് റിലയൻസ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
എന്നാൽ നിലവിൽ റിലയൻസിന്റെ മറ്റൊരു നീക്കം കൂടി ശ്രദ്ധ നേടുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സുസ്ഥിര ഊർജത്തിലേക്ക് വലിയ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് കമ്പനി. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും, ഹരിത ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കമാണ് റിലയൻസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 50 -ൽ അധികം കംപ്രസ്ഡ് ബയോഗ്യാസ് (CBG) പ്ലാന്റുകൾ റിലയൻസ് സ്ഥാപിക്കാൻ പദ്ധതിയിടുന്നു.
പ്രസ്തുത പദ്ധതിയുടെ മൂല്യം ഏകദേശം 5,000 കോടി രൂപ വരുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിന് (CNG) സമാനമായ ഗുണങ്ങളാണ് കംപ്രസ്ഡ് ബയോഗ്യാസും വാഗ്ദാനം ചെയ്യുന്നത്.
മാലിന്യങ്ങളിൽ നിന്നോ ബയോമാസ് സ്രോതസുകളിൽ നിന്നോ തയ്യാറാക്കുന്ന ഒരു ഹരിത ഇന്ധനമാണ് സിബിജി. ഈ ബഹുമുഖ ഇന്ധനം ഓട്ടോമോട്ടീവ്, വ്യാവസായിക, വാണിജ്യ മേഖലകളിൽ ഉപയോഗിക്കാനാകും. ഒരുപരിധിവരെ മാലിന്യങ്ങൾക്കും പരിഹാരമാകും.
50 -ൽ അധികം സിബിജി പ്ലാന്റുകൾക്കായി റിലയൻസ് ഇതിനകം ടെൻഡറുകൾ നൽകിയിട്ടുണ്ട്. കൂടുതൽ ഓർഡറുകൾ ഇനിയും പ്രതീക്ഷിക്കുന്നു. പ്രതിദിനം 250- 500 ടൺ സംസ്‌കരണ ശേഷിയുള്ള ഈ പ്ലാന്റുകൾ പ്രതിദിനം 10 മുതൽ 20 ടൺ വരെ സിബിജി ഉൽപ്പാദിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു.
മുമ്പ് 100 സിബിജി പ്ലാന്റുകൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നതെങ്കിൽ, നിലവിൽ അത് 106 ആക്കി ഉയർത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ജൈവ- ഊർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കുകയെന്ന ബൃഹത് ലക്ഷ്യമാണ് അംബാനിക്കുള്ളത്. കർബൺ ബഹിർഗമനം കുറയ്ക്കുകയെന്ന സർക്കാർ ലക്ഷ്യങ്ങൾക്കു മുൻതൂക്കം നൽകുന്നതാണ് റിലയൻസിന്റെ പദ്ധതികൾ.
ഇതുവഴി ഭാവിയിൽ മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നു കമ്പനി വിശ്വസിക്കുന്നു. പ്രതിദിനം 10 ടൺ ശേഷിയുള്ള പ്ലാന്റിനായി ഏകദേശം 100 കോടി രൂപയുടെ നിക്ഷേപമകണ് ആവശ്യമായി വരികയെന്നു വിദഗ്ധർ പറയുന്നു.
ഉത്തർപ്രദേശിൽ ഡെമോ യൂണിറ്റുകൾ സ്ഥാപിക്കാനും, വാണിജ്യാടിസ്ഥാനത്തിലുള്ള സിബിജി പ്ലാന്റ് കമ്മീഷൻ ചെയ്യാനും റിലയൻസ് ഇതിനകം നടപടികൾ സ്വീകരിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
കാർഷിക അവശിഷ്ടങ്ങൾ ഉപഭോഗം ചെയ്യുന്നതിനും, കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും, ജൈവവളം ഉൽപ്പാദിപ്പിക്കുന്നതിനുമുള്ള ഒരു വലിയ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ സംരംഭങ്ങൾ എന്നും വിലയിരുത്തപ്പെടുന്നു.
റിലയൻസ് അവരുടെ Jio- BP ഫ്യൂവൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴി CBG, bio- CNG എന്നിവയുടെ റീട്ടെയിലിംഗ് വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതു കമ്പനിയുടെ റിഫൈനിംഗ്, ചില്ലറ വിൽപ്പന മാർജിനുകൾ വർധിപ്പിക്കുമെന്നാണു വിലയിരുത്തൽ.
സുസ്ഥിര ഊർജത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കമ്പനി തീരുമാനം അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ നീക്കങ്ങൾ.