
സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് എന്ന് വിളിക്കപ്പെടുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എം.എസ്.എം.ഇ) മേഖലയുടെ സുപ്രധാന പങ്ക് അംഗീകരിച്ചുകൊണ്ട് ഇവയുടെ കാര്യക്ഷമത, സാങ്കേതിക മികവ്, തൊഴിൽ സൃഷ്ടിക്കൽ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു.
കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് അസംസ്‌കൃത വസ്തുക്കളുടെ വില വർധനവിന്റെ ഫലമായി എം.എസ്.എം.ഇകളുടെ മുടക്കുമുതലിലും ഒപ്പം വിറ്റുവരവിലും വർധനവുണ്ടായി. ഒരു യൂണിറ്റിന്റെ വിറ്റുവരവ് അവിടെ ഉയർന്ന അളവിൽ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
അസംസ്‌കൃത വസ്തുക്കളുടെ വില വർധിക്കുകയാണെങ്കിൽ ജോലിയിൽ കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെ തന്നെ വിറ്റുവരവും അതേ നിരക്കിൽ വർധിക്കും. അതിനാൽ മിക്ക സൂക്ഷ്മ സംരംഭങ്ങളും ചെറുകിട സംരംഭങ്ങളായും ചെറുകിട സംരംഭങ്ങൾ ഇടത്തരം സംരംഭങ്ങളായും മാറി.
ഇത് ഓരോ മേഖലക്കും ലഭിച്ചുകൊണ്ടിരുന്ന അവസരങ്ങൾ, ആനുകൂല്യങ്ങൾ എന്നിവയെ ബാധിക്കുന്ന സാഹചര്യമുണ്ടാക്കി.
ഏപ്രിൽ ഒന്നിന് നിലവിൽ വന്ന പുതുക്കിയ നിർവചനം
പുതിയ നിർവചന പ്രകാരം എം.എസ്.എം.ഇകളെ തരംതിരിക്കുന്ന മാനദണ്ഡങ്ങളായ മുടക്കുമുതൽ, വിറ്റുവരവ് എന്നിവയുടെ പരിധി യഥാക്രമം രണ്ടര മടങ്ങും രണ്ടു മടങ്ങും വർധിപ്പിച്ചു.
● അതു പ്രകാരം മൈക്രോ യൂനിറ്റുകൾക്ക് രണ്ടര കോടി വരെ മുതൽ മുടക്ക് നടത്താനും വാർഷിക വിറ്റുവരവിൽ 10 കോടി രൂപ വരെ നേടാനും കഴിയും. ഈ വിപുലീകരണം അവരെ മൈക്രോ യൂനിറ്റായി തന്നെ തുടർന്നുകൊണ്ട് പ്രവർത്തനങ്ങൾ സ്കെയിൽ ചെയ്യാനും ആനുകൂല്യങ്ങൾ നേടാനും പ്രോത്സാഹിപ്പിക്കുന്നു.
● ചെറുകിട സംരംഭങ്ങളുടെ മുടക്കുമുതൽ 10 കോടിയിൽ നിന്ന് 25 കോടി രൂപ യായും വിറ്റുവരവ് 50 കോടിയിൽ നിന്ന് 100 കോടിയായും ഉയർത്തി.
● ഇടത്തരം സ്ഥാപനങ്ങൾക്ക് 125 കോടി രൂപ വരെ മുടക്കുമുതലും 500 കോടി വരെ വിറ്റുവരവും അനുവദിക്കുന്നതിനാൽ വലിയ തോതിൽ പ്രവർത്തിക്കാനും കയറ്റുമതി വിപണി, കൂടുതൽ വിദേശ, ആഭ്യന്തര നിക്ഷേപങ്ങളെ ആകർഷിക്കാനും കഴിയും.
പ്രയോജനം
മാനദണ്ഡങ്ങളിലെ ഈ മാറ്റം എം.എസ്.എം.ഇകളെ കൂടുതൽ നിക്ഷേപം നടത്താനും ഫണ്ടിങ് ആകർഷിക്കാനും മൂല്യവർധനവിലേക്ക് പോകാനും പ്രാപ്തമാക്കും. സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക് സർക്കാർ വാങ്ങലുകളിൽ 25 ശതമാനം നീക്കിവെച്ചത് അവരെ സംരക്ഷിക്കാൻ ഉതകും.
സൂക്ഷ്മ സംരംഭങ്ങൾക്ക് പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് ഉയർന്ന ശതമാനം സബ്‌സിഡി ലഭിക്കും. സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെ അപേക്ഷിച്ച് പൊതുവേ കുറഞ്ഞ തലത്തിലുള്ള സർക്കാർ പിന്തുണയാണ് ഇടത്തരം വിഭാഗത്തിന് ലഭിക്കുന്നതെങ്കിലും വിപണി വികസിപ്പിക്കുക, പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുക എന്നീ പദ്ധതികൾക്ക് പിന്തുണ ലഭിക്കും.
മറ്റു ഗുണങ്ങൾ
● സൂക്ഷ്മ, ചെറുകിട ബിസിനസുകൾക്ക് ഈടില്ലാതെ (കൊളാറ്ററൽ രഹിത) ബാങ്ക് വായ്പകൾ ലഭിക്കുന്നു. ഇത് പുതിയതും പഴയതുമായ ബിസിനസുകൾക്ക് പ്രയോജനകരമാണ്.
● എം.എസ്.എം.ഇകൾക്ക് നൽകുന്ന ബാങ്ക് വായ്പകൾക്ക് ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് (സി.ജി.ടി.എം.എസ്.ഇ ) സ്കീം പ്രകാരം ക്രെഡിറ്റ് ഗ്യാരന്റി ലഭിക്കുന്നു. ഇത് കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകൾ ഈടില്ലാതെ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്നു.
● കേന്ദ്ര സർക്കാർ ധനസഹായം നൽകുന്ന അന്താരാഷ്ട്ര വ്യാപാര പ്രദർശനങ്ങൾ, എക്സിബിഷനുകൾ, ബിസിനസ് മീറ്റിങ്ങുകൾ, സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവയിൽ എം.എസ്.എം.ഇ പ്രതിനിധികൾക്ക് പങ്കെടുക്കാം. ഇത് മറ്റ് രാജ്യങ്ങളുമായി പുതിയ വാണിജ്യ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും, കൂടാതെ സബ്‌സിഡികൾ, നികുതി ഇളവുകൾ, മികച്ച സാങ്കേതിക സഹായം എന്നിവ ഉറപ്പാക്കാനും സഹായിക്കുന്നു.
● എം.എസ്.എം.ഇ രജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾക്ക് പേറ്റന്റ് രജിസ്ട്രേഷൻ ചെലവിൽ 50 ശതമാനം കിഴിവ് ലഭിക്കും.
● മികച്ച സാങ്കേതികവിദ്യ സൃഷ്ടിക്കുന്നതിനും ഉപയോഗിക്കുന്നതിനും ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള ലൈസൻസിങ് ഉള്ള ഉൽപന്നങ്ങൾ നൽകുന്നതിനും വേണ്ടി വരുന്ന ചെലവുകൾക്കായി സർക്കാർ സബ്‌സിഡി നൽകുന്നു. ഇത് ചെറുകിട കമ്പനികൾ, സ്റ്റാർട്ടപ്പുകൾ എന്നിവക്ക് നൂതന ആശയങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് പ്രോത്സാഹനമാകും.
● എം.എസ്.എം.ഇകൾക്ക് വിറ്റുവരവിനെ ആശ്രയിച്ച് കുറഞ്ഞ കോർപറേറ്റ് നികുതി നിരക്കുകൾക്ക് അർഹതയുണ്ട്. അതോടൊപ്പം ഓഡിറ്റ് പ്രക്രിയ, അക്കൗണ്ട് ബുക്കുകൾ പരിപാലിക്കുക എന്നതിൽ ഇളവുകൾ ലഭിക്കും.
● എം.എസ്.എം.ഇകൾക്ക് ഉൽപാദന സംരംഭങ്ങളുടെ ചെലവ് കുറഞ്ഞ ഹരിത ഊർജ സാങ്കേതിക സംവിധാനങ്ങൾക്ക് പ്രോത്സാഹനം ലഭിക്കുന്നു. അതോടൊപ്പം വൈദ്യൂതി ബിൽ ഇളവുകൾ ലഭിക്കുന്നു.
● സൂക്ഷ്മ സംരംഭങ്ങൾക്ക് ഉയർന്ന സബ്‌സിഡികൾ ഉൾപ്പെടെ സീറോ ഡിഫെക്ട് സീറോ ഇഫക്ട് (സെഡ്) സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള സാമ്പത്തിക സഹായം ലഭിക്കും. കൂടാതെ 2006ലെ എം.എസ്.എം.ഇ വികസന നിയമം, സാധനങ്ങൾ വാങ്ങുന്നവർ (പ്രത്യേകിച്ച് വലിയ കമ്പനികൾ) എം.എസ്.എം.ഇകളുടെ ഇൻവോയ്‌സുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ തീർപ്പാക്കണമെന്ന് അനുശാസിക്കുന്നു. അല്ലാത്തപക്ഷം പിഴപ്പലിശ നൽകേണ്ടിവരുന്നതാണ്. ഇത് എം.എസ്.എം.ഇകളുടെ ആരോഗ്യകരമായ പണലഭ്യത നിലനിർത്താൻ സഹായിക്കുന്നു.